Publish Date: Mon, 07 Nov 2022 (21:26 IST)
Updated Date: Mon, 07 Nov 2022 (21:28 IST)
ഇന്ത്യൻ ക്രിക്കറ്റിൽ വൈകിയാണുദയം കൊണ്ടതെങ്കിലും തനിക്ക് നഷ്ടപ്പെട്ടുപോയ വർഷങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് എന്താണ് നഷ്ടപ്പെടുത്തിയതെന്ന് ഓരോ മത്സരങ്ങളിലൂടെയും തെളിയിക്കുകയാണ് ഇന്ത്യയുടെ പുതിയ സൂപ്പർ സ്റ്റാർ സൂര്യകുമാർ യാദവ്. കണ്ണഞ്ചിപ്പിക്കുന്ന ബാറ്റിങ് വിസ്മയം തീർക്കുന്ന സൂര്യയ്ക്ക് ഇന്ത്യയിൽ മാത്രമല്ല ലോകമെങ്ങും വലിയ ആരാധകരാണുള്ളത്.
ഷോട്ടുകളിലൂടെ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുന്ന സൂര്യയുടെ കണക്കുകളും ആരെയും അമ്പരപ്പിക്കുന്നതാണ്. ഓസീസിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയെ ചുമലിലേന്തുന്നത് വിരാട് കോലിയുടെയും സൂര്യകുമാറിൻ്റെയും പ്രകടനങ്ങളാണ്. സിംബാബ്‌വെയ്ക്കെതിരായ അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ 25 പന്തിൽ നിന്നും 61 റൺസാണ് താരം അടിച്ചെടുത്തത്.
ഇതിൽ തന്നെ 20ആം ഓവറിലെ സൂര്യയുടെ പ്രകടനം ആരെയും അമ്പരപ്പിക്കുന്നതാണ്. ഇതുവരെ ഇരുപതാം ഓവറിൽ സൂര്യ നേരിട്ടത് 18 ബോളുകളാണ്. എന്നാൽ ഇതിൽ നിന്ന് നേടിയതോ 72 റൺസും. അതായത് 400 എന്ന സ്ട്രയ്ക്ക് റേറ്റിലാണ് അവസാന ഓവറിൽ സൂര്യ ബാറ്റ് വീശുന്നത്. ഈ 18 പന്തിൽ 10 സിക്സറുകൾ സൂര്യ പായിച്ചിടുണ്ട് എന്നതാണ് അമ്പരപ്പിക്കുന്നത്. ഒരു ഫോർ മാത്രമെ അവസാന ഓവറിൽ സൂര്യ നേടിയിട്ടുള്ളു. 2 ഡോട്ട് ബോളുകളും താരം കളിച്ചിട്ടുണ്ട്. കരിയറിൽ ഒരു തവണ മാത്രമാണ് അവസാന ഓവറിൽ സൂര്യ പുറത്തായിട്ടുള്ളത്.