ഡെത്ത് ഓവറുകളിൽ ഇന്ത്യ അധികം റൺസ് വിട്ടുകൊടുക്കുന്നുവെന്ന ആക്ഷേപങ്ങൾ ശക്തമാകവെ ഇന്ത്യൻ ബൗളർമാരെ പ്രതിരോധിച്ച് സൂര്യകുമാർ യാദവ്. ഏത് സമയത്തും എതിരാളികളെ വിറപ്പിക്കാൻ പോന്നയാളാണ് ഭുവനേശ്വർ കുമാറെന്നും മികച്ച പന്തുകളാണ് ഹർഷൽ പട്ടേലിൻ്റെയെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.
ഓസ്ട്രേലിയയുമായുള്ള രണ്ടാം ടി20 മത്സരത്തിന് മുൻപ് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു സൂര്യ. ആദ്യ ടി20യിൽ അക്സർ പട്ടേൽ ഒഴികെയുള്ള ബൗളർമാരെല്ലാം വലിയ രീതിയിൽ അടി വാങ്ങികൂട്ടിയിരുന്നു. നാലോവറിൽ ഭുവനേശ്വർ കുമാർ 52ഉം ഹർഷൽ പട്ടേൽ 49ഉം റൺസ് വിട്ട് നൽകി. ഉമേഷ് യാദവ് 2 ഓവറിൽ 27ഉം ഹാർദ്ദിക് പാണ്ഡ്യ 2 ഓവറിൽ 22 റൺസും നൽകിയിരുന്നു.
നാല് ഓവറിൽ 17 റൺസിന് മൂന്ന് വിക്കറ്റൂകൾ നേടിയ അക്സർ പട്ടേൽ മാത്രമായിരുന്നു കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ഇന്ന് നാഗ്പൂരിൽ നടക്കുന്ന രണ്ടാം ടി20യിൽ ബുമ്ര പ്ലേയിങ് ഇലവനിൽ മടങ്ങിയെത്തിയേക്കും. ഇതോടെ റണ്ണോഴുക്കിന് തടയിടാനാകുമെന്നാണ് ഇന്ത്യ കരുതുന്നത്.