കൈ കൊടുക്കാനുള്ള മര്യാദ ഇന്ത്യ കാണിച്ചില്ല, ഉത്തരവ് വന്നത് ഉന്നതതലത്തിൽ നിന്ന്?, വിജയം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്ക് സമർപ്പിച്ച് സൂര്യകുമാർ യാദവ്
						
		
						
				
മത്സരത്തിന്റെ ടോസ് സമയത്തും സൂര്യകുമാര്‍ പാക് നായകന് കൈകൊടുത്തില്ല. മത്സരശേഷം പാക് നായകന്റെ മുഖത്ത് പോലും നോക്കാതെയാണ് സൂര്യ മടങ്ങിയത്.
			
		          
	  
	
		
										
								
																	ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ മത്സരശേഷം താരങ്ങള്‍ക്ക് കൈകൊടുക്കാന്‍ വിസമ്മതിച്ചതില്‍ പ്രതികരണവുമായി ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ യാദവ്. തങ്ങള്‍ കളിക്കാന്‍ മാത്രമായാണ് വന്നതെന്നും ബിസിസിഐയുമായും കേന്ദ്രസര്‍ക്കാരുമായും ചേര്‍ന്നാണ് ഇന്ത്യന്‍ ടീം നില്‍ക്കുന്നതെന്നും സൂര്യ വിശദീകരിച്ചു. മത്സരശേഷം പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യരുതെന്ന ഉത്തരവ് ഉന്നതതലത്തില്‍ നിന്ന് ടീമിന് ലഭിച്ചതായാണ് സൂചന.
 
 			
 
 			
					
			        							
								
																	
	 
	മത്സരത്തിന്റെ ടോസ് സമയത്തും സൂര്യകുമാര്‍ പാക് നായകന് കൈകൊടുത്തില്ല. മത്സരശേഷം പാക് നായകന്റെ മുഖത്ത് പോലും നോക്കാതെയാണ് സൂര്യ മടങ്ങിയത്. കളിക്കാന്‍ മാത്രം വന്നത് കൊണ്ടാണ് ഇത്തരമൊരു നിലപാടെടുത്തതെന്നും ചില കാര്യങ്ങള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനും മുകളിലാണെന്നും സൂര്യ വ്യക്തമാക്കി. സമ്മാനദാന ചടങ്ങില്‍ ഇന്ത്യയുടെ വിജയം പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് സമര്‍പ്പിക്കുകയാണെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
	 
	അവരുടെ കുടുംബങ്ങള്‍ക്കൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു. ഞങ്ങളുടെ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീരരായ സായുധ സേനാംഗങ്ങള്‍ക്ക് വിജയം സമര്‍പ്പിക്കുന്നു. അവര്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നത് പോലെ അവസരം ലഭിക്കുമ്പോഴെല്ലാം സാധ്യമെങ്കില്‍ അവരെയും പ്രചോദിപ്പിക്കാനായി ശ്രമിക്കും. സൂര്യകുമാര്‍ യാദവ് പറഞ്ഞു.
	 
	 മത്സരശേഷം ഇന്ത്യന്‍ താരങ്ങളായ സൂര്യകുമാര്‍ യാദവും ശിവം ദുബെയുമായി ഹസ്തദാനം ചെയ്യാന്‍ പാക് താരങ്ങള്‍ കാത്തുനിന്നിരുന്നു. ഇന്ത്യന്‍ താരങ്ങളും സ്റ്റാഫുകളും ഹസ്തദാനം ചെയ്യാന്‍ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടാവാതെ വന്നതോടെ പാക് താരങ്ങള്‍ മടങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്‍ മത്സരശേഷമുള്ള ബ്രോഡ് കാസ്റ്റര്‍ പ്രസന്റേഷന്‍ പാക് നായകന്‍ സല്‍മാന്‍ അലി ആഗ ഒഴിവാക്കുകയും ചെയ്തിരുന്നു.