ടി20 ലോകകപ്പ് ഒക്ടോബറിലും നവംബറിലുമായി യുഎഇയില്‍ നടക്കുമെന്ന പ്രഖ്യാപനത്തെ വലിയ ആവേശത്തോടെയാണ് ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ പല പ്രമുഖ ടീമുകള്‍ക്കും അഭിമാന പോരാട്ടമാണ് ടി20 ലോകകപ്പ്. ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോർമാറ്റെന്ന നിലയിൽ വലിയ ആവേശമാണ് ലോകകപ്പ് ഉണ്ടാക്കുന്നത്. ലോകകപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ വരാനിരിക്കുന്ന ലോകകപ്പില്‍ ഏറ്റവും അപകടകാരികളായ താരങ്ങളായി മാറാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങൾ ആരെല്ലാമെന്ന് നോക്കാം.
ഐപിഎല്ലിൽ പലപ്പോഴും ഫോമിന്റെ മിന്നലാട്ടങ്ങൾ മാത്രമെ കാണിച്ചിട്ടുള്ളുവെങ്കിലും ഓസീസ് ജേഴ്‌സിയിൽ എന്നും അപകടകാരിയായ താരമാണ് ഗ്ലെൻ മാക്‌സ്‌വെൽ. നിലയുറപ്പിച്ചാൽ അപകടകരിയാവുന്ന മാക്‌സ്‌വെൽൽ ഓസ്‌ട്രേലിയക്കായി 72 ടി20യില്‍ നിന്ന് 31.79 ശരാശരിയില്‍ 1780 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ സ്വന്തം ഹിറ്റ്‌മാനും ക്രിക്കറ്റിന്റെ ചെറിയ ഫോർമാറ്റിൽ അപകടകാരിയാണ്. ടി20യിൽ ഏറ്റവുമധികം സെഞ്ചുറികൾ, വേഗതയേറിയ സെഞ്ചുറി എന്നീ നേട്ടങ്ങൾ രോഹിത്തിന്റെ പേരിലാണ്. ഇന്ത്യക്കായി 111 ടി20 മത്സരങ്ങളിൽ നിന്ന് 32.5 ശരാശരിയിൽ 2864 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം.
രാജസ്ഥാന്റെ സ്വന്തം ജോസ് ബായിയാണ് ലോകകപ്പിൽ അപകടകാരിയായേക്കാവുന്ന മറ്റൊരു താരം. 80 ടി20യില്‍ നിന്ന് 1791 റണ്‍സാണ് ബട്ട്‌ലറിന്റെ സമ്പാദ്യം. ഓപ്പണിങ്ങിലും മധ്യനിരയിലും ഉൾപ്പടെ എവിടെയും കളിക്കാനുള്ള മിടുക്കാണ് ബട്ട്‌ലറിനെ അപകടകാരിയാക്കുന്നത്. വിൻഡീസ് ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യൻസിന്റെ പവർഹൗസുമായ കീറോൺ പൊള്ളാർഡാണ് ലോകകപ്പിൽ തിളങ്ങാൻ സാധ്യതയുള്ള മറ്റൊരു താരം. 81 ടി20യില്‍ നിന്ന് 1278 റണ്‍സും 37 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. 77 ബൗണ്ടറികളും 85 സിക്‌സുകളുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.