Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് ആരും അറിഞ്ഞില്ല ഇത് സച്ചിനും രോഹിത്തും ഇന്ത്യയ്ക്കായി ഒപ്പം ബാറ്റ് ചെയ്യുന്ന ആദ്യത്തെയും അവസാനത്തെയും മത്സരമാകുമെന്ന്

അന്ന് ആരും അറിഞ്ഞില്ല ഇത് സച്ചിനും രോഹിത്തും ഇന്ത്യയ്ക്കായി ഒപ്പം ബാറ്റ് ചെയ്യുന്ന ആദ്യത്തെയും അവസാനത്തെയും മത്സരമാകുമെന്ന്
, വ്യാഴം, 3 മാര്‍ച്ച് 2022 (11:22 IST)
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയിലുള്ള താരങ്ങളാണ് ഇ‌ന്ത്യൻ നായകൻ രോഹിത് ശർമയും മുൻ‌ നായകൻ വിരാട് കോലിയും. കരിയറിന്റെ തുടക്കകാലങ്ങളിൽ ഇന്ത്യൻ ബാറ്റിങ്ങ് ഇതിഹാസം സച്ചിനൊപ്പം കളിക്കാൻ ഇരു‌താരങ്ങൾക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട്.
 
കോലിയ്ക്ക് മുൻപ് തന്നെ ഇന്ത്യയുടെ ദേശീയ ടീമിൽ ഇടം നേടാനായിട്ടുണ്ടെങ്കിലും മാസ്റ്റർ ബ്ലാസ്റ്ററിനൊപ്പം ഒരേയൊരു തവണ മാത്രമാണ് രോഹിത് ബാറ്റ് ചെയ്‌തതെന്ന് പറഞ്ഞാൽ ഇന്ന‌ത് കേൾക്കുന്ന പലർക്കും അവിശ്വസനീയമാകും. 2007ൽ ഇന്ത്യൻ ജേഴ്‌സിയിൽ അരങ്ങേറിയ രോഹിത് 2013ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ഇതിഹാസത്തിനൊപ്പം ബാറ്റ് ചെയ്‌തത് ഒരേയൊരു തവണ മാത്രം.
 
അഞ്ച് വർഷക്കാലത്തോളം ടീം അംഗങ്ങളായിട്ടും സച്ചിനും രോഹിതും ഏകദിനത്തിൽ  ഇന്ത്യക്കായി ഒരുമിച്ച് ബാറ്റേന്തിയ അപൂർവങ്ങളിൽ അപൂർവമായ, ആദ്യത്തെയും അവസാനത്തെയും ചരിത്രത്തെ പരിചയപ്പെടാം.
 
2008ലെ കോമൺവെൽത് സീരിസ് ലെ ആദ്യ ഫൈനലിലായിരുന്നു ഈ അപൂർവത പിറന്നത്. ഫൈനലിൽ ആദ്യം ബൗൾ ചെയ്‌ത ഇന്ത്യ കരുത്തരായ ഓസീസിനെ 239 എന്ന താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയെങ്കിലും ബൗളിങിൽ ബ്രെറ്റ്‌ലിയും നഥാൻ ബ്രാക്കനും മിച്ചൽ ജോൺസണും ബ്രാഡ് ഹോഗും അണിനിരന്ന നിര ഏത് ബാറ്റിങ് നിരയ്ക്കും വെല്ലുവിളിയായിരുന്നു.
 
സച്ചിന് കൂട്ടായി ഉത്തപ്പയാണ് ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനായി അന്നെത്തിയത്. ഉജ്ജ്വലമായി തുടങ്ങിയെങ്കിലും ടീം സ്കോർ 50 കടന്നതും ഹസിയുടെ മികച്ചൊരു ക്യാച്ചിലൂടെ ഉത്തപ്പ പുറത്തേക്ക്. ഗൗതം ഗംഭീർ സച്ചിനായി തന്റെ വിക്കറ്റ് ബലി നൽകിയതോടെ കളത്തിലേക്കെത്തിയത് യുവരാജ് സിങ്. പിന്നീട് യുവരാജിനെ സാക്ഷിനിർത്തി ക്രിക്കറ്റ് ദൈവം മൈതാന‌ത്തിന്റെ സകലഭാഗത്തേക്കും ഷോട്ടുകൾ പായിച്ചപ്പോൾ ടീം പതിയെ മത്സരത്തിലേക്ക്.
 
ടീം സ്കോർ 87ൽ നിൽക്കെ സച്ചിൻ തന്റെ അർധസെഞ്ചുറി പിന്നിട്ടു. എന്നാൽ അടുത്ത പന്തിൽ യുവരാജിനെ നഷ്ടപ്പെട്ടതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. ഗ്രൗണ്ടിൽ ഇന്ത്യൻ ആരാധകർ എംഎസ് ധോനിയെ പ്രതീക്ഷിച്ചപ്പോൾ എത്തിയത്. 13 ഇന്നിങ്സിൽ നിന്നും 228 റൺസ് മാത്രം നേടിയ ഇതിനോടകം ഉഴപ്പനെന്ന് പേര് സമ്പാദിച്ച രോഹിത് ശർമ. ടീമിൽ നിന്നും പുറത്താകാൻ മറ്റൊരു മോശം പ്രകടനം മാത്രം മതിയെന്ന നിലയിൽ ഗ്രൗണ്ടിലെത്തിയ രോഹിത് ഒരു ബൗണ്ടറിയിലൂടെ തന്റെ വരവറിയിച്ചു.
 
പിന്നാലെ വീണ്ടും ഷോട്ടുകൾ പായിച്ചതോടെ സച്ചിനും ടോപ് ഗിയറി‌ലേക്ക്. ഇതിനിടയിൽ കരിയറിലെ 42ആം സെഞ്ചുറിയും സച്ചിൻ സ്വന്തമാക്കി. മറ്റൊരു ഭാഗത്ത് കരിയർ സ്പാൻ നീട്ടികൊണ്ട് രോഹിത് അർധസെഞ്ചുറിയും കണ്ടെത്തിയതോടെ ഇന്ത്യ മത്സരം കൈപ്പിടിയിലാക്കുന്നു. 66 റൺസുമായി രോഹിത് മടങ്ങുമ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ രോഹിത്തിനെ സ്വീകരിച്ചത്.
 
കൂടുതൽ വിക്കറ്റുകൾ വീഴാതെ സച്ചിനും ധോനിയും കൂടി ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. കളിയിലെ താരമായ സച്ചിൻ മത്സരത്തിലെ വിജയത്തിന് പിന്നാലെ രോഹിത്തിനെ പ്രശംസിച്ച് സംസാരിച്ചു. തുടർന്ന് 5 വർഷക്കാലത്തോളം സച്ചിൻ ഇന്ത്യൻ ടീമിൽ തന്നെ തുടർന്നുവെങ്കിലും 2008ന് ശേഷം സച്ചിനും രോഹിത്തും ഒരുമിച്ച് ഇന്ത്യയ്ക്കായി ബാറ്റ് ചെയ്‌തിട്ടില്ല. മുംബൈയ്ക്ക് വേണ്ടി പല തവണ ഒരുമിച്ച് ബാറ്റേന്തിയിട്ട് ഉണ്ടെങ്കിലും ഇന്ത്യക്ക് വേണ്ടി സച്ചിനും രോഹിതും ഒരുമിച്ച് കളിച്ച ഇന്നിങ്സ് എന്നത് ഈ മത്സരത്തെ ചരിത്രത്തിന്റെ താളുകളിൽ എടുത്തുനിർത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോശം ഫോമിൽ കോലി തനിച്ചല്ല, റാങ്കിങ്ങിൽ കാലിടറി ഹി‌റ്റ്‌മാനും