Publish Date: Thu, 23 Aug 2018 (08:07 IST)
Updated Date: Thu, 23 Aug 2018 (08:09 IST)
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമും. ഇംഗ്ലണ്ടിനെതിരായ മൂന്നാം മൽസരത്തിലെ മുഴുവൻ മാച്ച് ഫീസും കേരളത്തിനായി ടീം നൽകുമെന്നാണ് റിപ്പോർട്ട്. മാച്ച് ഫീയായി ടീമിന് രണ്ടു കോടി രൂപയോ അതിൽ കൂടുതലോ തുക ലഭിക്കും.
ഒരു ടെസ്റ്റ് മൽസരത്തിന് ടീമിലുള്ള താരങ്ങള്‍ക്ക് 15 ലക്ഷം രൂപയും റിസർവ് താരങ്ങൾക്ക് അതിന്റെ പകുതിയുമാണ് ലഭിക്കുക. ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം കേരളത്തിന് സമർപ്പിക്കുന്നതായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ കാര്യങ്ങൾ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന ചെറിയ കാര്യമാണിതെന്ന് വിരാട് ഇംഗ്ലണ്ടിൽ കളി കഴിഞ്ഞ ശേഷം വ്യക്തമാക്കി. 521 എന്ന വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിനെ 317 റൺസിലാണ് ഇന്ത്യ തളച്ചത്. ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് ഇന്ത്യ വിജയത്തിളക്കം സ്വന്തമാക്കുന്നത്.
ആദ്യ ഇന്നിംഗ്സിൽ കാട്ടിയ ബാറ്റിംഗ് മികവ് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യ തുടർന്നു. അദ്യ ഇന്നിംഗ്സിൽ 168 റൺസ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 352 എന്ന നിലയിൽ ഡിക്ലയറ് ചെയ്യുകയായിരുന്നു. അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് രണ്ട് വിജയവും ഇന്ത്യ ഒരു വിജയവുമാണ് സ്വന്തമാക്കിയിരിക്കുന്നത്.