ലസിത് മലിംഗയുടെയും തിസാര പെരേരയുടെയും ഭാര്യമാർ ഫേസ്‌ബുക്കില്‍ തുടങ്ങിവച്ച വാക്‍പോര് ശ്രീലങ്കന്‍ ക്രിക്കറ്റിന് നാണക്കേടാകുന്നു. രംഗം വഷളായതോടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിസാര പെരേര ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനു കത്തയച്ചു.
തിസാര പെരേരയും മലിംഗയും തമ്മിലുള്ള ഈഗോ പ്രശ്‌നങ്ങള്‍ ഭാര്യാമാര്‍ ഏറ്റെടുത്തതോടെ നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്.
ശ്രീലങ്കൻ ക്രിക്കറ്റിലേക്ക് രാഷ്‌ട്രീയം കടത്തിവിട്ട് ഒരു താരം ടീമിലെ സ്ഥാനം നിലനിർത്താനും ക്യാപ്‌റ്റന്‍ സ്ഥാനം തിരികെ പിടിക്കാനും നീക്കങ്ങള്‍ നടത്തുന്നുവെന്നായിരുന്നു മലിംഗയുടെ ഭാര്യ ടാനിയ ഫേസ്‌ബുക്ക് പോസ്‌റ്റ്. പോസ്‌റ്റില്‍ തിസാര പെരേരയുടെ പേര് ഇല്ലായിരുന്നുവെങ്കിലും ഒരു പാണ്ടയുടെ ചിത്രം ടാനിയ ഉള്‍പ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
ഓസ്ട്രേലിയയിൽ തിസാര പെരേര അറിയപ്പെടുന്നത് ‘പാണ്ട’ എന്ന പേരിലാണ്. ഇതോടെയാണ് പെരേരയുടെ ഭാര്യ ഷെരാമി മറുപടിയുമായി രംഗത്തെത്തിയത്. ടാനിയയുടെ ആരോപണങ്ങൾ തള്ളിയ ഷെരാമി, ‘സിംഹത്തിന്റെ വസ്ത്രമണിഞ്ഞെന്നു കരുതി ചെന്നായ സിംഹമാകില്ലെ’ന്ന് പോസ്‌റ്റ് ചെയ്‌ത് മലിംഗയെ പരിഹസിച്ചു.
സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ലങ്കന്‍ ക്രിക്കറ്റിലും ടീമിലും സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അലയടിച്ചു. ഇതോടെയാണ് വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി പെരേര ബോര്‍ഡിന് കത്തയച്ചത്. വിഷയത്തില്‍ ബോര്‍ഡ് ഇടപെടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.