ആദ്യ ടെസ്റ്റിൽ 277 റൺസിന്റെ വലിയ തോൽവി തന്നെയാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് ഏറ്റുവാങ്ങിയത്. സ്പിന്നര്‍മാരായ ജാക്ക് ലീച്ചിനും ഡോം ബെസ്സുമാണ് ഇന്ത്യൻ നിരയെ പിടിച്ചുകെട്ടാൻ ഇംഗ്ലണ്ട് പ്രധാനമായും ഉപയോഗിച്ച ആയുധങ്ങൾ. ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടു എങ്കിലും ഒന്നാം ഇന്നിങ്സിലെ ഋഷഭ് പന്തിന്റെ പ്രകടനം കണ്ടപ്പോൾ കളിയ്ക്കുന്നത് ഐപിഎലാണോ എന്ന് സംശയം തോന്നി എന്ന് പറയുകയാണ് ജാക്ക് ലീച്ച്.
ഋഷഭ് പന്ത് വലിയ വെല്ലുവിളിയായിരുന്നു എന്ന് ജാക്ക് ലീച്ച് തുറന്നുപറയുന്നു. ' ഐപിഎല്ലിലാണോ ഞാൻ കളിക്കുത് എന്ന് സംശയിച്ചുപോയി. പന്തിന്റെ പ്രകടനം വലിയ വെല്ലുവിളി തന്നെയായിരുന്നു. സ്പിന്നർ എന്ന നിലയിൽ ആ സമയത്ത് ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നു എങ്കിലും 8 ഓവറിൽ എൺപത് റൺസ് വഴങ്ങിയത് എനിയ്ക്ക് ഒരിയ്ക്കലും ആസ്വദിയ്ക്കാൻ കഴിയുന്നതായിരുന്നില്ല. ഏറെ ബുദ്ധിമുട്ടിയ ദിവസമായിരുന്നു അത്. മാനസികമായി ശക്തിയാർജ്ജിയ്ക്കുകയേ വഴിയുണ്ടായിരുന്നൊള്ളു. സഹതാരങ്ങൾ അതിന് സഹായിച്ചു.
അടുത്ത രണ്ട് ദിവസവും ശക്തമായി തിരിച്ചെത്തണമെന്ന് ആഗ്രഹിച്ചു. ആദ്യമായാണ് ഞാന്‍ ഇന്ത്യയില്‍ കളിക്കാനെത്തുന്നത്. ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ് നിര സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു. എന്നാല്‍ വിക്കറ്റ് വീഴ്ത്താനും ടീമിനെ വിജയത്തിനായി സഹായിക്കാനും സാധിച്ചതില്‍ സന്തോഷമുണ്ട്.' ലീച്ച് പറഞ്ഞു. ആദ്യ ഇന്നിങ്സിൽ ക്രീസിലെത്തിയ പന്ത് സ്പിന്നർമാരെ കടന്നാക്രമിയ്ക്കുകയായിരുന്നു. അഞ്ച് തവണ പന്ത് ലീച്ചിനെ സിക്സർ പറത്തി. 88 പന്തില്‍ 9 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 91 റണ്‍സാണ് റിഷഭ് അടിച്ചുകൂട്ടിയത്.