Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവര്‍ ഭാവി വാഗ്ദാനങ്ങള്‍; വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിലെ ജയം ഇന്ത്യയ്ക്ക് നല്‍കുന്ന പാഠങ്ങള്‍

ഇവര്‍ ഭാവി വാഗ്ദാനങ്ങള്‍; വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിലെ ജയം ഇന്ത്യയ്ക്ക് നല്‍കുന്ന പാഠങ്ങള്‍
, വ്യാഴം, 17 ഫെബ്രുവരി 2022 (10:44 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിലെ ആറ് വിക്കറ്റ് വിജയം ഇന്ത്യയ്ക്ക് വലിയ ഉണര്‍വും ആത്മവിശ്വാസവും നല്‍കുന്നതാണ്. ട്വന്റി 20 സ്‌പെഷ്യലിസ്റ്റുകളായ വിന്‍ഡീസിനെ ഇന്ത്യ തകര്‍ത്തപ്പോള്‍ മൂന്ന് പേരുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഈ മൂന്ന് പേര്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളാണ്. ഏറെ നാളായി ഇന്ത്യയെ അലട്ടുന്ന തലവേദനകള്‍ക്കെല്ലാം ഈ താരങ്ങള്‍ ഉത്തരമാകുന്നു. 
 
സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, രവി ബിഷ്‌ണോയ് എന്നിവരാണ് ഈ മൂന്ന് താരങ്ങള്‍. പ്രതിസന്ധി സമയത്താണ് സൂര്യകുമാര്‍ യാദവും വെങ്കടേഷ് അയ്യരും ക്രീസില്‍ ഒന്നിക്കുന്നത്. ഇവരില്‍ ഒരാളുടെ വിക്കറ്റ് നഷ്ടമായാല്‍ കളി ഇന്ത്യയുടെ കൈവിട്ട് പോകാന്‍ സാധ്യത. അങ്ങനെയൊരു സാഹചര്യത്തില്‍ താരതമ്യേന പരിചയക്കുറവുള്ള രണ്ട് പേരും യാതൊരു ടെന്‍ഷനും ഇല്ലാതെ മികച്ച ഇന്നിങ്‌സാണ് കളിച്ചത്. 
 
സൂര്യകുമാര്‍ യാദവ് 18 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സും വെങ്കടേഷ് അയ്യര്‍ 13 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സും നേടി പുറത്താകാതെ നിന്നു. 158 റണ്‍സ് വിജയലക്ഷത്തിലേക്ക് ബാറ്റ് ചെയ്യുകയായിരുന്ന ഇന്ത്യ ഒരുസമയത്ത് 114-4 എന്ന നിലയിലെത്തിയപ്പോഴാണ് ഇരുവരും ഒന്നിച്ചത്. ഒടുവില്‍ ഏഴ് പന്ത് ബാക്കിനില്‍ക്കെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു. പരിചയക്കുറവിന്റെ യാതൊരു സങ്കോചവും ഇരുവരുടെ മുഖത്തും ഉണ്ടായിരുന്നില്ല. മാത്രമല്ല എതിരാളികളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്ന ശരീരഭാഷയും ഇരുവര്‍ക്കുമുണ്ട്. 
 
മധ്യനിര ദുര്‍ബലമാകുന്നത് ഇന്ത്യയ്ക്ക് പലപ്പോഴും വലിയ തലവേദനയായിരുന്നു. അങ്ങനെയൊരു അവസ്ഥയിലാണ് സൂര്യകുമാര്‍ യാദവിന്റേയും വെങ്കടേഷ് അയ്യരിന്റേയും ഉദയം. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ് ഉള്ളത് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ പകരുന്നു. വെങ്കടേഷ് അയ്യരുടെ സാന്നിധ്യവും ഗുണകരമാണ്. മാത്രമല്ല ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ആറാം ബൗളര്‍ തലവേദനയും ഇന്ത്യയെ അലട്ടിയിരുന്നു. വെങ്കടേഷ് അയ്യരിലൂടെ അതിനുള്ള മറുപടിയും ലഭിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരു ഓവര്‍ എറിഞ്ഞ വെങ്കടേഷ് അയ്യര്‍ വെറും നാല് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. 
 
രവി ബിഷ്‌ണോയിയും ഇന്ത്യയുടെ മറ്റൊരു കണ്ടെത്തലാണ്. ഗൂഗ്ലികളിലൂടെ എതിരാളികളെ വട്ടംകറക്കാന്‍ ബിഷ്‌ണോയിക്ക് സാധിക്കുന്നു. ഇത് ഇന്ത്യയുടെ സ്പിന്‍ നിരയുടെ മൂര്‍ച്ഛ കൂട്ടുന്ന നീക്കമാണ്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ നാല് ഓവറില്‍ വെറും 17 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് ബിഷ്‌ണോയ് സ്വന്തമാക്കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ധോണിയോടുള്ള കൂറ് നഷ്ടപ്പെടുത്തി, ഫ്രാഞ്ചൈസിയോടുള്ള കൂറ് നഷ്ടപ്പെടുത്തി'