Shaheen Afridi: ആദ്യ ഓവര്‍ മെയ്ഡന്‍, രണ്ടാമത്തെ ഓവറില്‍ പലിശ സഹിതം കിട്ടി; ഷഹീന്‍ അഫ്രീദിയെ 'പഞ്ഞിക്കിട്ട്' സെയ്ഫര്‍ട്ട്
ആദ്യ ഓവര്‍ സെയ്ഫര്‍ട്ടിനെ നിര്‍ത്തി മെയ്ഡന്‍ എറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് തന്റെ രണ്ടാം ഓവര്‍ എറിയാന്‍ ഷഹീന്‍ എത്തിയത്
Shaheen Afridi: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയെ 'പഞ്ഞിക്കിട്ട്' ടിം സെയ്ഫര്‍ട്ട്. ന്യൂസിലന്‍ഡ് ഓപ്പണറായ സെയ്ഫര്‍ട്ട് ഷഹീന്‍ അഫ്രീദിയുടെ ഒരോവറില്‍ അടിച്ചെടുത്തത് 26 റണ്‍സ് ! ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലാണ് സംഭവം.
ആദ്യ ഓവര്‍ സെയ്ഫര്‍ട്ടിനെ നിര്‍ത്തി മെയ്ഡന്‍ എറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് തന്റെ രണ്ടാം ഓവര്‍ എറിയാന്‍ ഷഹീന്‍ എത്തിയത്. എന്നാല്‍ ആദ്യ ഓവറില്‍ ഒരു സിംഗിള്‍ പോലും എടുക്കാന്‍ സാധിക്കാതിരുന്ന സെയ്ഫര്‍ട്ട് രണ്ടാം ഓവറില്‍ പലിശ സഹിതം തിരിച്ചുകൊടുത്തു. ഷഹീന്റെ രണ്ടാം ഓവറില്‍ നാല് സിക്‌സും ഒരു ഡബിളും സഹിതം 26 റണ്‍സ് കിവീസ് ഓപ്പണര്‍ അടിച്ചുകൂട്ടി.
ആദ്യ ഓവര്‍ കഴിയുമ്പോള്‍ ആറ് പന്തില്‍ പൂജ്യം എന്ന നിലയിലായിരുന്ന സെയ്ഫര്‍ട്ടിന്റെ വ്യക്തിഗത സ്‌കോര്‍ മത്സരത്തിന്റെ മൂന്നാം ഓവര്‍ കഴിഞ്ഞതോടെ 12 പന്തില്‍ 26 റണ്‍സ് എന്ന നിലയിലേക്ക് എത്തി. ഷഹീന്‍ എറിഞ്ഞ മൂന്നാം പന്തില്‍ മാത്രമാണ് സെയ്ഫര്‍ട്ടിനു സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ വന്നത്.
22 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും സഹിതം 45 റണ്‍സെടുത്താണ് സെയ്ഫര്‍ട്ട് പുറത്തായത്. മുഹമ്മദ് അലിക്കാണ് സെയ്ഫര്‍ട്ടിന്റെ വിക്കറ്റ്.