Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലിയുടേത് കവര്‍ ഡ്രൈവ് ശാപം ! തിരുത്താന്‍ തയ്യാറാകാതെ റണ്‍മെഷീന്‍

കോലിയുടേത് കവര്‍ ഡ്രൈവ് ശാപം ! തിരുത്താന്‍ തയ്യാറാകാതെ റണ്‍മെഷീന്‍
, വെള്ളി, 31 ഡിസം‌ബര്‍ 2021 (10:42 IST)
ക്രിക്കറ്റില്‍ ഏറ്റവും മനോഹരമായ കവര്‍ ഡ്രൈവുകളുടെ ഉടമയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഇഷ്ട ഷോട്ടും കവര്‍ ഡ്രൈവായിരുന്നു. എന്നാല്‍, 2004 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു കവര്‍ ഡ്രൈവ് പോലും കളിക്കാതെയാണ് സച്ചിന്‍ 241 റണ്‍സ് നേടിയത്. കവര്‍ ഡ്രൈവുകള്‍ മടുത്തത് കാരണമല്ല അത്. മറിച്ച് സ്ഥിരമായി കവര്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റ് പോകുന്നതുകൊണ്ടാണ്. താന്‍ കവര്‍ ഡ്രൈവ് കളിക്കാന്‍ ശ്രമിക്കുമെന്ന് അറിയുന്ന ബൗളര്‍മാര്‍ ഓഫ് സൈഡില്‍ തനിക്ക് സ്ഥിരമായി കെണിയൊരുക്കുന്നതും ആ കെണിയില്‍ വീണു പോകുന്നതും സച്ചിനെ ആശങ്കപ്പെടുത്തിയിരുന്നു. ഒടുവില്‍ സ്വയം തിരുത്താന്‍ സച്ചിന്‍ തയ്യാറായി. കവര്‍ ഡ്രൈവുകള്‍ കുറച്ച് വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യതകള്‍ ഇല്ലാതാക്കി. 
 
സച്ചിന്‍ എന്ത് ചെയ്‌തോ അത് തന്നെ കോലിയും ആവര്‍ത്തിക്കണമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ കഴിഞ്ഞ കുറേ നാളായി ഉപദേശിക്കുന്നത്. എന്നാല്‍, കോലി അതിനു തയ്യാറാകുന്നില്ല. കവര്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ച് സ്വന്തം വിക്കറ്റ് വലിച്ചെറിയുകയാണ് കോലി ഓരോ കളിയിലും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിലും കോലി പിഴവ് ആവര്‍ത്തിച്ചു. ഒന്നാം ഇന്നിങ്‌സില്‍ പത്താം സ്റ്റംപിലെ പന്ത് കവര്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് കോലിയുടെ വിക്കറ്റ് നഷ്ടമായത്. രണ്ടാം ഇന്നിങ്‌സില്‍ എട്ടാം സ്റ്റംപിലാണ് കോലിക്ക് കെണിയൊരുക്കിയത്. ഓഫ് സൈഡില്‍ പുറത്തേക്ക് പോകുന്ന ബോള്‍ കവറിലൂടെ ബൗണ്ടറി പായിക്കാനാണ് കോലി എപ്പോഴും ശ്രമിക്കുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി ആ ശ്രമങ്ങളെല്ലാം വിഫലമാകുന്നു. കഷ്ടിച്ച് 50 പന്തുകള്‍ നേരിടുമ്പോഴേക്കും ഓഫ് സ്റ്റംപിന് പുറത്ത് ബൗളര്‍മാര്‍ ഒരുക്കുന്ന കെണിയില്‍ കോലി സ്വയം വീണുകൊടുക്കുന്നു. 
 
ഓഫ് സ്റ്റംപിന് പുറത്ത് പോകുന്ന പന്ത് ലീവ് ചെയ്യാന്‍ കോലി ക്ഷമ കാണിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായി ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ക്രീസിലെ അക്ഷമയും ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിക്കാത്തതും കാഴ്ച ശക്തി കുറഞ്ഞതുമാണ് കവര്‍ ഡ്രൈവുകളില്‍ കോലിക്ക് നിരന്തരമായി വിനയാകുന്നത്. ഇത് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ റണ്‍മെഷീന്റെ കരിയര്‍ തന്നെ ചോദ്യചിഹ്നമാകുമെന്നാണ് വിലയിരുത്തല്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെസ്റ്റ് കരിയര്‍ നിരാശപ്പെടുത്തുന്നു; ഞെട്ടിച്ച് ഡി കോക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനം