Captain Kohli: ക്യാപ്റ്റന്‍സി ഏറ്റെടുത്ത് കോലി; 'തീപിടിച്ച്' സഹതാരങ്ങള്‍
കോലി താല്‍ക്കാലിക നായകസ്ഥാനം ഏറ്റെടുത്തതോടെ സഹതാരങ്ങള്‍ക്കും ആവേശം കൂടി
Captain Kohli: സിഡ്‌നി ടെസ്റ്റിനിടെ ഇന്ത്യയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍സി ഏറ്റെടുത്ത് വിരാട് കോലി. ജസ്പ്രിത് ബുംറ പരുക്കിനെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ടതോടെയാണ് മുന്‍ നായകന്‍ കൂടിയായ കോലിക്ക് ടീമിനെ നയിക്കാനുള്ള ചുമതല ലഭിച്ചത്. ഫീല്‍ഡില്‍ കോലിയെടുത്ത പല തീരുമാനങ്ങളും പിന്നീട് ഓസ്‌ട്രേലിയയെ വന്‍ പ്രതിരോധത്തിലാക്കുന്നതായിരുന്നു.
കോലി താല്‍ക്കാലിക നായകസ്ഥാനം ഏറ്റെടുത്തതോടെ സഹതാരങ്ങള്‍ക്കും ആവേശം കൂടി. തുടര്‍ച്ചയായി സ്ലെഡ്ജ് ചെയ്തും കൗശലപൂര്‍വ്വം ഫീല്‍ഡ് ഒരുക്കിയും കോലി ഓസീസ് ബാറ്റര്‍മാരെ പരീക്ഷിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 162/6 എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് 181 ല്‍ അവസാനിച്ചതില്‍ കോലിയുടെ ഫീല്‍ഡിങ് പ്ലാന്‍ നിര്‍ണായക പങ്കുവഹിച്ചു. 19 റണ്‍സിനിടെ ഓസ്‌ട്രേലിയയ്ക്കു നാല് വിക്കറ്റുകളാണ് നഷ്ടമായത്.
സ്ലിപ്പില്‍ അഞ്ച് ഫീല്‍ഡര്‍മാരെ നിയോഗിച്ച് ഓസ്‌ട്രേലിയയുടെ വാലറ്റത്തെ ചുരുട്ടിക്കെട്ടുകയായിരുന്നു കോലി. സിഡ്‌നിയില്‍ കോലി ടീമിനെ നയിക്കാന്‍ തുടങ്ങിയതിനു പിന്നാലെ 'ക്യാപ്റ്റന്‍ കോലി' എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി.