ധോണിയില്ലാത്ത ഇന്ത്യൻ ടീം, കപ്പിത്താനുള്ളപ്പോൾ ആരെ ഭയക്കണം? പക്ഷേ...
ധോണിയില്ലെങ്കിൽ ടീം ഇന്ത്യ പോക്കാണ് ...
വിൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ നായകൻ വിരാട് കോലിയുടെ പ്രകടനം ഒന്നു കൊണ്ട് മാത്രമാണ് ഇന്ത്യ ജയിച്ചത്. എന്നാൽ, കാര്യവട്ടത്ത് നടന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു.
ഹൈദരാബാദിലും കാര്യവട്ടത്തും ഇന്ത്യയുടെ ഫീൽഡിംഗ് വളരെ മോശമായിരുന്നു. സമീപകാലത്തൊന്നും ഇന്ത്യൻ ടീമിനെ ഇത്രയും മോശം ഫീൽഡിങ് പ്രകടനത്തിൽ ആരാധകരും കണ്ടിരിക്കില്ല. ഒരു ഭാഗത്ത് ഇന്ത്യൻ ഫീൽഡർമാർ നിർലോഭം സഹായിച്ചതോടെയാണ് വിൻഡീസ് ആദ്യ മത്സരത്തിൽ കൂറ്റൻ സ്കോർ അടിച്ചത്. രണ്ടാമത്തേതിൽ ഇന്ത്യയെ തകർക്കാനും ഇതുകൊണ്ട് വിൻഡീസിനു കഴിഞ്ഞു.
ടി20യിൽ ആദ്യം ബാറ്റ് ചെയ്യുക എന്നത് ഇന്ത്യക്ക് ഇപ്പോഴും പ്രശ്നമാണെന്ന് കളിക്ക് ശേഷം നായകൻ കോഹ്ലി തുറന്നു സമ്മതിക്കുകയും ചെയ്തു. ഇന്ത്യയുടെ മോശം ഫിനിഷിങും മോശം ഫീൽഡിങുമാണ് തോൽവിക്ക് കാരണമെന്നാണ് കോഹ്ലിയുടെ അഭിപ്രായം.
ഇതിനിടയിൽ ഇന്ത്യൻ ടീമിന്റെ അതികായൻ എം എസ് ധോണിയുടെ അഭാവം വീണ്ടും ചർച്ച ചെയ്യുകയാണ് ക്രിക്കറ്റ് ലോകം. വൻ മാച്ചുകളിൽ മുന്നിൽ നിന്ന് നയിക്കാൻ ധോണിയെപ്പോലൊരു ക്യാപ്റ്റന്റെ അഭാവം ഇടയ്ക്കൊക്കെ ടീം ഇന്ത്യ അനുഭവിച്ചറിയുന്നുണ്ടെന്നും ധോണി ആരാധകർ പറയുന്നു. ധോണിക്ക് ശേഷം മികച്ച ക്യാപ്റ്റനായി പേരുടുത്ത കോഹ്ലി പോലും ചില കളികളിൽ പതറുന്നത് ആരാധകർ കണ്ടിട്ടുണ്ട്.
ക്യാപ്റ്റൻ കോഹ്ലി ആണെങ്കിലും പിന്നിൽ നിന്ന് കോഹ്ലിക്ക് ധൈര്യം നൽകാൻ ധോണി ഉള്ളപ്പോൾ അത് കളിയിലും പ്രകടമാകുന്നുണ്ട്. ധോണിയില്ലാത്ത ടീം മോശമാണെന്നാണ് പൊതുവെ ഉയരുന്ന സംസാരം. എന്നാൽ, കോഹ്ലിയെന്ന ക്യാപ്റ്റനു കീഴിൽ ഇന്ത്യൻ ടീം ശക്തരും മികച്ചതുമാണ്. എങ്കിലും ചില കളികളിലെ തോൽവി, മോശമായ പ്രകടനമൊക്കെ കാണുമ്പോൾ ധോണി ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോവുക സ്വാഭാവികം.