നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഏതൊരു പിച്ചിലും ഒരുപോലെ മികച്ച പ്രകടനം നടത്തുന്ന ചുരുക്കം ചില താരങ്ങൾ മാത്രമാണ് അന്താരാഷ്ട്രക്രിക്കറ്റിൽ നിലവിലുള്ളത്. അവരിൽ ഏറ്റവും മികച്ചവരുടെ പട്ടികയെടുക്കുകയാണെങ്കിൽ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പേര് തീർച്ചയായും അതിൽ ഉണ്ടായിരിക്കും. എന്നാൽ ഇത്തവണ കിവീസ് പര്യടനത്തിനെത്തിയ കോലിക്ക് തന്റെ പെരുമക്ക് അനുസരിച്ചുള്ള പ്രക്അടനം പുറത്തെടുക്കാൻ സാധിച്ചില്ല എന്ന് മാത്രമല്ല വളരെ ദയനീയമായി പരാജയപ്പെടുകയും ചെയ്‌തു ഇന്ത്യൻ നായകൻ.
മത്സരത്തിൽ കെയ്ല്‍ ജാമിസണ്‍, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവര്‍ക്കു മുന്നിലൊന്നും യാതൊരു മറുപടിയുമില്ലായിരുന്നു. ഇതോടെ ഒരു ടെസ്റ്റ് പരമ്പരയിലെ കോലിയുടെ രണ്ടാമത്തെ മോശം പ്രകടനം കിവീസ് മണ്ണിലായി. 9.50 ബാറ്റിങ്ങ് ശരാശരിയുമായി നാല് ഇന്നിങ്സുകളിൽ നിന്നുമായി വെറും 38 റൺസ് കൂട്ടിച്ചേർക്കാനെ പരമ്പരയിൽ ഇന്ത്യൻ നായകന് സാധിച്ചുള്ളു. ഇതിനു മുമ്പ് 2016-17 ലെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലാണ് കോലി ഇതിനേക്കാള്‍ മോശം പ്രകടനം നടത്തിയത്. ഓസീസിനെതിരായ പരമ്പരയിൽ വെറും 9.20 മാത്രമായിരുന്നു കോലിയുടെ ബാറ്റിങ്ങ് ശരാശരി.
2017-ന് ശേഷം ഇതാദ്യമായാണ് കോലി നാലോ അതിലധികമോ ഇന്നിങ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറിപോലുമില്ലാതെ പുറത്താകുന്നത്. ന്യൂസിലൻഡിനെതിരായുള്ള പരമ്പരയിൽ എല്ലാ ബാറ്റ്സ്മാന്മാരും പരാജയമായെങ്കിലും ഏറ്റവുമധികം നിരാശപ്പെടുത്തിയ മുൻനിര ബാറ്റിങ്ങ് താരം ഇന്ത്യൻ നായകനാണ്. കിവീസിനെതിരായ പരമ്പരയില്‍ പേസര്‍ മുഹമ്മദ് ഷമി കോലിയേക്കാള്‍ കൂടുതല്‍ റണ്‍സ് (39) സ്‌കോര്‍ ചെയ്തിട്ടുണ്ടെന്ന് കണക്കിലെടുക്കുമ്പോളാണ് കോലിയുടെ മോശം ഫോമിന്റെ ആഴം വ്യക്തമാകുന്നത്.