Virat Kohli: ക്രിക്കറ്റിലെ രാജാവായി പോയില്ലേ...! തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ സെഞ്ചുറിയുമായി വിരാട് കോലി
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടി
Virat Kohli: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുമായി വിരാട് കോലി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ നിര്‍ണായക മത്സരത്തിലാണ് കോലി സെഞ്ചുറി നേടിയത്. നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിലും കോലി സെഞ്ചുറി നേടിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടി. വിരാട് കോലി 61 പന്തില്‍ പുറത്താകാതെ 101 റണ്‍സ് നേടി. 13 ഫോറും ഒരു സിക്‌സും സഹിതമാണ് കോലി സെഞ്ചുറി നേടിയത്. ഫാഫ് ഡുപ്ലെസിസ് 19 പന്തില്‍ 28 റണ്‍സും മൈക്കിള്‍ ബ്രേസ്വെല്‍ 16 പന്തില്‍ 26 റണ്‍സും നേടി. അനുജ് റാവത്ത് 15 പന്തില്‍ നിന്ന് 23 റണ്‍സ് നേടി കോലിക്കൊപ്പം പുറത്താകാതെ നിന്നു.
പ്ലേ ഓഫില്‍ എത്തണമെങ്കില്‍ ആര്‍സിബിക്ക് ഈ കളി ജയിക്കേണ്ടത് അനിവാര്യമാണ്. നിലവില്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തുള്ള ആര്‍സിബിക്ക് ഈ കളി ജയിച്ചാല്‍ നാലാം സ്ഥാനത്തേക്ക് എത്താന്‍ സാധിക്കും.
ഐപിഎല്ലില്‍ കോലിയുടെ ഏഴാം സെഞ്ചുറിയാണ് ഇത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇതോടെ കോലി സ്വന്തമാക്കി. ആറ് സെഞ്ചുറികളുള്ള ക്രിസ് ഗെയ്ല്‍ ആണ് രണ്ടാം സ്ഥാനത്ത്. ജോസ് ബട്‌ലര്‍ അഞ്ച് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.
ഐപിഎല്ലില്‍ തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് കോലി. നേരത്തെ 2020 സീസണില്‍ ശിഖര്‍ ധവാനും 2022 സീസണില്‍ ജോസ് ബട്‌ലറും തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ നേടിയിരുന്നു.