Virat Kohli: ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യേണ്ടത് കോലി തന്നെ ! ഇല്ലെങ്കില്‍ പണി പാളും
പവര്‍പ്ലേക്ക് ശേഷം സ്പിന്നര്‍മാരും സ്ലോ ഓവറുകളും വരുമ്പോള്‍ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് കുറയുന്നുണ്ട്
Virat Kohli: ട്വന്റി 20 ലോകകപ്പില്‍ വിരാട് കോലി ഇന്ത്യയുടെ ഓപ്പണറാകണമെന്ന് ആരാധകര്‍. യഷസ്വി ജയ്‌സ്വാള്‍ സ്‌ക്വാഡില്‍ ഉണ്ടെങ്കിലും രോഹിത് ശര്‍മയ്‌ക്കൊപ്പം കോലി ഓപ്പണറാകുന്നത് ടീമിന് ഗുണം ചെയ്യുകയെന്നാണ് ആരാധകരുടെ അഭിപ്രായം. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഓപ്പണ്‍ ചെയ്യുന്ന കോലി മികച്ച പ്രകടനമാണ് ഈ സീസണില്‍ കാഴ്ചവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോലി തന്നെ ഓപ്പണറായാല്‍ മതിയെന്ന് ആരാധകര്‍ പറയുന്നത്.
12 ഇന്നിങ്‌സുകളില്‍ നിന്ന് 70.44 ശരാശരിയില്‍ 634 റണ്‍സാണ് കോലി ഈ ഐപിഎല്‍ സീസണില്‍ അടിച്ചുകൂട്ടിയിരിക്കുന്നത്. പ്ലേ ഓഫിനു മുന്‍പ് രണ്ട് മത്സരങ്ങള്‍ കൂടി ആര്‍സിബിക്ക് ശേഷിക്കുന്നുണ്ട്. 153.51 ആണ് കോലിയുടെ ഈ സീസണിലെ സ്‌ട്രൈക്ക് റേറ്റ്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും കോലി നേടിയിട്ടുണ്ട്. പവര്‍പ്ലേയില്‍ പരമാവധി റണ്‍സെടുക്കാന്‍ കോലിക്ക് സാധിക്കുന്നുണ്ടെന്നും ട്വന്റി 20 ലോകകപ്പിലും ഇങ്ങനെയൊരു തുടക്കം കോലിയില്‍ നിന്ന് ലഭിച്ചാല്‍ അത് ഗുണം ചെയ്യുമെന്നുമാണ് ക്രിക്കറ്റ് ആരാധകര്‍ വിലയിരുത്തുന്നത്.
പവര്‍പ്ലേക്ക് ശേഷം സ്പിന്നര്‍മാരും സ്ലോ ഓവറുകളും വരുമ്പോള്‍ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് കുറയുന്നുണ്ട്. അതുകൊണ്ട് കോലി വണ്‍ഡൗണ്‍ ഇറങ്ങുന്നതിനേക്കാള്‍ ഓപ്പണര്‍ ആയി എത്തുന്നതാണ് നല്ലത്. പവര്‍പ്ലേയില്‍ പരമാവധി ആക്രമിച്ചു കളിക്കുകയാണ് കോലി ചെയ്യേണ്ടത്. രോഹിത്തും സമാന രീതിയില്‍ ബാറ്റ് ചെയ്താല്‍ പിന്നാലെ വരുന്നവര്‍ക്കെല്ലാം സമ്മര്‍ദ്ദമില്ലാതെ കളിക്കാം. മാത്രമല്ല മികച്ച തുടക്കം ലഭിച്ചാല്‍ സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ തുടങ്ങിയ ഹാര്‍ഡ് ഹിറ്റര്‍മാര്‍ക്ക് ആസ്വദിച്ചു കളിക്കാനും സാധിക്കും. മികച്ച ബാറ്റിങ് ഡെപ്ത് ഉള്ളതിനാല്‍ കോലി വണ്‍ഡൗണ്‍ ഇറങ്ങി വിക്കറ്റ് കീപ്പ് ചെയ്തു കളിക്കേണ്ട ആവശ്യം ലോകകപ്പില്‍ ഇന്ത്യക്ക് വരില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.