ഇത് രാഹുല്‍ ആയിരുന്നെങ്കില്‍ എല്ലാവരും ട്രോളിയേനെ, കോലി ആയതുകൊണ്ട് ആര്‍ക്കും മിണ്ടാനില്ല; രൂക്ഷ വിമര്‍ശനം
മധ്യ ഓവറുകളില്‍ വളരെ തണുപ്പന്‍ മട്ടിലാണ് കോലി ബാറ്റ് ചെയ്യുന്നത് ആരാധകര്‍ പറയുന്നു
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലിയുടെ ബാറ്റിങ് പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. ഒരുപാട് പന്തുകള്‍ കോലി പാഴാക്കിയെന്നും ട്വന്റി 20 ഫോര്‍മാറ്റില്‍ കാണിക്കേണ്ട ആക്രമണ മനോഭാവം കോലിയില്‍ കണ്ടില്ലെന്നുമാണ് ആരാധകരുടെ വിമര്‍ശനം. മത്സരത്തില്‍ 47 പന്തില്‍ നിന്ന് 59 റണ്‍സെടുത്താണ് കോലി പുറത്തായത്. അഞ്ച് ഫോറും ഒരു സിക്‌സും കോലി നേടി.
മധ്യ ഓവറുകളില്‍ വളരെ തണുപ്പന്‍ മട്ടിലാണ് കോലി ബാറ്റ് ചെയ്യുന്നത് ആരാധകര്‍ പറയുന്നു. കോലി ഫിഫ്റ്റി നേടിയത് 40 പന്തുകളില്‍ നിന്നാണ്. ട്വന്റി 20 യില്‍ ഇങ്ങനെ പന്തുകള്‍ പാഴാക്കുന്നത് ടീമിനെ തന്നെ ഒന്നടങ്കം ബാധിക്കുമെന്നും ഇത്ര സീനിയര്‍ താരമായിട്ടും കോലിക്ക് അത് അറിയില്ലേ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
കോലിക്കൊപ്പം ബാറ്റ് ചെയ്ത ഫാഫ് ഡു പ്ലെസിസിന്റെ സ്‌ട്രൈക്ക് റേറ്റ് 150 ആണ്. മറുവശത്ത് കോലിയുടെ സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 125.52 ഉം. ട്വന്റി 20 യില്‍ സ്‌ട്രൈക്ക് റേറ്റിന് ഏറെ പ്രാധാന്യമുണ്ട്. തുടക്കത്തില്‍ ബോളുകള്‍ പാഴാക്കുന്നത് പിന്നീട് വരുന്ന ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കും. മധ്യ ഓവറുകളിലെ കോലിയുടെ മെല്ലപ്പോക്ക് ആര്‍സിബിക്ക് ദോഷം ചെയ്യുമെന്നാണ് ആരാധകര്‍ പറയുന്നത്.
വിരാട് കോലിക്ക് പകരം കെ.എല്‍.രാഹുലാണ് ഇങ്ങനെയൊരു ഇന്നിങ്‌സ് കളിച്ചിരുന്നതെങ്കില്‍ ആകെ വിമര്‍ശനവും പരിഹാസവും ആയേനെ എന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. പ്രമുഖര്‍ വരെ രാഹുലിനെതിരെ രംഗത്തെത്തും. എന്നാല്‍ കോലി ഇങ്ങനെ കളിച്ചാല്‍ ആരും ഒന്നും പറയില്ലെന്നും അതാണ് കോലിയുടെ പ്രിവില്ലേജ് എന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.