'അത് ഔട്ടാണ്, എന്റെ കൈ താഴെ ഉണ്ടായിരുന്നു'; ഉറച്ചുനിന്ന് സ്മിത്ത്, ട്രോളി കോലി (വീഡിയോ)
അച് ക്യാച്ചാണെന്നു ഉറപ്പിച്ചു പറഞ്ഞ് ഓസ്‌ട്രേലിയ ആഘോഷം ആരംഭിച്ചിരുന്നു
Virat Kohli and Steve Smith
വിരാട് കോലിയെ ഗോള്‍ഡന്‍ ഡക്കിനു പുറത്താക്കാന്‍ ലഭിച്ച അവസരം നഷ്ടമായെങ്കിലും താനെടുത്ത ക്യാച്ചില്‍ ഉറച്ചുനിന്ന് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. കോലി നേരിട്ട ആദ്യ പന്തിലാണ് സ്മിത്തിനു ക്യാച്ച് ലഭിച്ചത്. സ്‌കോട്ട് ബോളണ്ട് എറിഞ്ഞ പന്ത് കോലിയുടെ ബാറ്റില്‍ നിന്ന് എഡ്ജ് എടുത്ത് സെക്കന്‍ഡ് സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന സ്റ്റീവ് സ്മിത്തിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു. സ്മിത്തിന്റെ കൈയില്‍ തട്ടി തെറിച്ച പന്ത് നിലത്തുകുത്തും മുന്‍പ് മര്‍നസ് ലബുഷെയ്ന്‍ കൈപ്പിടിയിലാക്കുകയും ചെയ്തു. എന്നാല്‍ സ്മിത്തിന്റെ കൈയില്‍ ഇരിക്കുന്നതിനൊപ്പം ബോള്‍ ഗ്രൗണ്ടില്‍ സ്പര്‍ശിച്ചിരുന്നതിനാല്‍ നോട്ട്ഔട്ട് വിളിക്കുകയായിരുന്നു.
അച് ക്യാച്ചാണെന്നു ഉറപ്പിച്ചു പറഞ്ഞ് ഓസ്‌ട്രേലിയ ആഘോഷം ആരംഭിച്ചിരുന്നു. സ്മിത്ത് തന്നെയാണ് ക്യാച്ചാണെന്ന് ഉറപ്പിച്ചത്. അംപയര്‍ റിവ്യു സിസ്റ്റം വഴി ക്യാച്ച് പരിശോധിക്കുമ്പോഴും സ്മിത്ത് വലിയ ആത്മവിശ്വാസത്തിലായിരുന്നു. ക്ലിയര്‍ ക്യാച്ചാണെന്ന് സ്മിത്ത് ഇതിനിടയില്‍ പറയുകയും ചെയ്തു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തേര്‍ഡ് അംപയര്‍ നോട്ട് ഔട്ട് വിളിച്ചതോടെ വിരാട് കോലി സ്മിത്തിനെ ട്രോളി. 'സത്യമാണോ, കറക്ട് ക്യാച്ചാണെന്ന്' എന്നാണ് കോലി ചിരിച്ചുകൊണ്ട് ചോദിച്ചത്.
അതേസമയം ഉച്ചഭക്ഷണത്തിനായി പിരിഞ്ഞ സമയത്ത് സ്മിത്ത് തന്റെ ക്യാച്ചിനെ വീണ്ടും ന്യായീകരിച്ചു. ക്യാച്ചെടുക്കുമ്പോള്‍ തന്റെ കൈ പന്തിനു താഴെ ഉണ്ടായിരുന്നെന്നും എന്നാല്‍ അംപയറുടെ തീരുമാനത്തെ ബഹുമാനിക്കുന്നെന്നുമാണ് സ്മിത്ത് പറഞ്ഞത്.