വിശാഖപട്ടണത്ത് നടന്ന ആവേശകരമായ ടി20 പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതില്‍ ആശങ്കയില്ലെന്ന് ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ യാദവ്. 5 മത്സരങ്ങളടങ്ങിയ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയതിനാല്‍ ടീമിന്റെ ബാറ്റിംഗ് കരുത്ത് പരീക്ഷിക്കാനായി ബോധപൂര്‍വമായ മാറ്റങ്ങളാണ് വരുത്തിയതെന്നും എന്നാല്‍ അത് തിരിച്ചടിച്ചെന്നും മത്സരശേഷം സമ്മാനദാനചടങ്ങില്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.
സാധാരണയായി രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മുന്‍തൂക്കം ലഭിക്കാറുള്ള വിശാഖപട്ടണത്തെ പിച്ചില്‍, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. പ്രതികൂലമായ സാഹചര്യങ്ങളില്‍ കളി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയണമായിരുന്നു. വലിയ ടൂര്‍ണമെന്റുകളില്‍ ടോസ് നമുക്ക് അനുകൂലമാകണമെന്നില്ല. അത്തരം ഘട്ടങ്ങളില്‍ പ്രതിരോധത്തിലാകാതിരിക്കാന്‍ ഇത്തരം പരീക്ഷണങ്ങള്‍ അത്യാവശ്യമാണ്. മത്സരശേഷം സൂര്യകുമാര്‍ പറഞ്ഞു.
സാധാരണയായി എട്ടാം നമ്പര്‍ വരെ ബാറ്റിംഗ് കരുത്തുള്ള നിരയുമായാണ് ഇന്ത്യ കളിക്കാനിറങ്ങാറുള്ളത്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ വെറും 6 സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഇഷാന്‍ കിഷന് പരിക്കേറ്റപ്പോള്‍ പകരക്കാരനായി അര്‍ഷദീപ് സിങ്ങിനെ ഇറക്കിയാണ് ഇന്ത്യ കളിച്ചത്. അഞ്ച് മികച്ച ബൗളര്‍മാരെ ഉള്‍പ്പെടുത്തി ടീം പരീക്ഷിക്കാനാണ് ആഗ്രഹിച്ചത്. 180- 200 റണ്‍സ് പിന്തുടരുമ്പോള്‍ ആദ്യം തന്നെ രണ്ടോ മൂന്നോ വിക്കറ്റുകള്‍ വീണാല്‍ താരങ്ങള്‍ എങ്ങനെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് അറിയണമെന്നുണ്ടായിരുന്നു. ഫലം എന്തുതന്നെയായാലും അതൊരു പാഠമാണെന്നും ലോകകപ്പ് ടീമിലുള്ള എല്ലാ താരങ്ങള്‍ക്കും അവസരം നല്‍കാനാണ് ശ്രമിക്കുന്നതെന്നും ഇനിയൊരു അവസരം ലഭിച്ചാല്‍ തങ്ങള്‍ വീണ്ടും ചെയ്‌സ് ചെയ്യാനാണ് ശ്രമിക്കുകയെന്നും സൂര്യ പറഞ്ഞു.