ടി20 ക്രിക്കറ്റില്‍ എല്ലാക്കാലവും കരിബീയന്‍ താരങ്ങള്‍ക്ക് ഒരു വലിയ ഡിമാന്‍ഡുണ്ട്. ഐപിഎല്ലിലെ ഇതിഹാസതാരങ്ങളില്‍ പലരും വെസ്റ്റിന്‍ഡീസ് താരങ്ങളാണ്. വന്യമായ കൈകരുത്തും ടൈമിംഗുമാണ് വെസ്റ്റിന്‍ഡീസ് ബാറ്റര്‍മാരെ ബൗളര്‍മാര്‍ക്ക് പേടിസ്വപ്നമാക്കുന്നത്. വമ്പന്‍ സ്‌കോറുകള്‍ പിറക്കുന്ന ടി20 മത്സരങ്ങളില്‍ അതിനാല്‍ തന്നെ എല്ലാ ടീമുകളും വെസ്റ്റിന്‍ഡീസ് ഹിറ്റര്‍മാരെ സ്വന്തമാക്കാറുണ്ട്. ഒറ്റയ്ക്ക് മത്സരങ്ങള്‍ മാറ്റിമറിയ്ക്കാന്‍ ഈ താരങ്ങളുടെ മികവ് അവിശ്വസനീയമാണ്.
ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് താരങ്ങളായ ആന്ദ്രേ റസ്സല്‍,റോമരിയോ ഷെപ്പേര്‍ഡ്,റോവ്മന്‍ പവല്‍,ഹെറ്റ്‌മെയര്‍ എന്നിവരെല്ലാം തന്നെ മികച്ച ഫോമിലാണ്. അതിനാല്‍ തന്നെ ഐപിഎല്‍ കഴിഞ്ഞതും നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് പല ടീമുകളുടെയും വഴിമുടക്കുമെന്ന് ഉറപ്പാണ്. നിലവിലെ വെസ്റ്റിന്‍ഡീസ് ടീമിലേക്ക് സുനില്‍ നരെയ്ന്‍ കൂടി കടന്നുവരികയാണെങ്കില്‍ ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിര വെസ്റ്റിന്‍ഡീസിന്റെയാകും.
നിലവില്‍ റോവ്മന്‍ പവലാണ് വിന്‍ഡീസ് ടീം നായകന്‍. സുനില്‍ നരെയ്‌നെ വെസ്റ്റിന്‍ഡീസ് ടീമിലേക്ക് തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് താനെന്ന് കഴിഞ്ഞ കൊല്‍ക്കത്ത രാജസ്ഥാന്‍ പോരാട്ടത്തിലാണ് പവല്‍ വ്യക്തമാക്കിയത്. നിലവില്‍ ഫോമില്‍ സുനില്‍ നരെയ്ന്‍ കൂടി ചേര്‍ന്നാല്‍ ആര്‍ക്കും പിടിച്ചുകെട്ടാന്‍ പറ്റാത്ത ടീമായി വെസ്റ്റിന്‍ഡീസ് മാറും. നിക്കോളാസ് പൂറാന്‍, ഷായ് ഹോപ്‌സ്,കെയ്ല്‍ മെയേഴ്‌സ് എന്നീ താരങ്ങളും വിന്‍ഡീസ് നിരയില്‍ ഉണ്ട് എന്നതിനാല്‍ ലോകത്തെ ഏത് ടോട്ടലും ചെയ്‌സ് ചെയ്യാന്‍ വെസ്റ്റിന്‍ഡീസ് നിരയ്ക്ക് സാധിക്കുമെന്നത് ഉറപ്പാണ്. സ്വന്തം നാട്ടിലാണ് ടൂര്‍ണമെന്റ് എന്നതും വെസ്റ്റിന്‍ഡീസിന് അനുകൂലഘടകമാണ്.