Who is Nitish Kumar Reddy: മകന്റെ ക്രിക്കറ്റ് കരിയറിനു വേണ്ടി ജോലി രാജിവെച്ച അച്ഛന്‍, അഞ്ചാം വയസ്സില്‍ തുടങ്ങിയ കളിപ്രാന്ത്; ഹാര്‍ദിക്കിന്റെ പകരക്കാരനെ ഇന്ത്യ കണ്ടെത്തിയോ?
ഹാര്‍ദിക് പാണ്ഡ്യയെ പോലെ ഒരു ഓള്‍റൗണ്ടറെ ഇന്ത്യ തേടാന്‍ തുടങ്ങിയിട്ട് കാലം കുറേയായി
Who is Nitish Kumar Reddy: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ 86 റണ്‍സിന്റെ വിജയം നേടിയത് യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഓള്‍റൗണ്ടര്‍ മികവിലാണ്. ബാറ്റിങ്ങില്‍ 34 പന്തില്‍ ഏഴ് സിക്‌സും നാല് ഫോറും സഹിതം 74 റണ്‍സ് നേടിയ നിതീഷ് കുമാര്‍ നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങ്ങിലും തിളങ്ങി. നിതീഷ് തന്നെയാണ് കളിയിലെ താരവും.
ഹാര്‍ദിക് പാണ്ഡ്യയെ പോലെ ഒരു ഓള്‍റൗണ്ടറെ ഇന്ത്യ തേടാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അതിനുള്ള ഉത്തരമാണ് നിതീഷ് കുമാര്‍ റെഡ്ഡിയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. അതിവേഗം പരുക്കിന്റെ പിടിയിലാകാന്‍ സാധ്യതയുള്ള ഹാര്‍ദിക്കിനു ബാക്കപ്പ് ആയി നിതീഷിനെ പോലൊരു താരം ഉണ്ടെങ്കില്‍ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. മാത്രമല്ല വെറും 21 വയസ് മാത്രമാണ് നിതീഷിന്റെ പ്രായം. അതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാകാനും നിതീഷിനു സാധിക്കും.
2003 മേയ് 26 ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് നിതീഷ് ജനിച്ചത്. അഞ്ചാം വയസില്‍ പ്ലാസ്റ്റിക് ബാറ്റ് കൊണ്ട് ക്രിക്കറ്റ് കളിച്ചു തുടങ്ങിയതാണ്. കുട്ടിക്കാലത്തെ കളിപ്രാന്ത് കണ്ട് മകനെ പ്രോത്സാഹിപ്പിച്ചത് അച്ഛന്‍ മുത്യാല റെഡ്ഡിയാണ്. ചെറുപ്പത്തില്‍ തന്നെ മകനെ ക്രിക്കറ്റ് പരിശീലനത്തിനു അയക്കാന്‍ മുത്യാല റെഡ്ഡി സന്നദ്ധനായിരുന്നു. നിതീഷിനു 13 വയസ് പ്രായമുള്ളപ്പോള്‍ ആണ് മുത്യാല റെഡ്ഡിക്ക് വിശാഖപട്ടണത്തു നിന്ന് ജോലിമാറ്റം ലഭിക്കുന്നത്. മകന്റെ ക്രിക്കറ്റ് കരിയര്‍ മെച്ചപ്പെടാന്‍ വിശാഖപട്ടണത്ത് തുടരുന്നതാണ് നല്ലതെന്ന് മനസിലാക്കിയ മുത്യാല റെഡ്ഡി രാജസ്ഥാനിലേക്ക് ലഭിച്ച ജോലിമാറ്റം സ്വീകരിച്ചില്ല, മകനു വേണ്ടി ജോലി തന്നെ രാജിവെച്ചു. ബന്ധുക്കളെല്ലാം തന്റെ അച്ഛന്റെ തീരുമാനത്തെ അന്ന് ചോദ്യം ചെയ്‌തെന്നും തനിക്ക് ക്രിക്കറ്റിനോടുള്ള താല്‍പര്യത്തെ കുറിച്ച് മനസിലാക്കുകയും തന്നില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്ത ആദ്യ വ്യക്തി അച്ഛനാണെന്നും പില്‍ക്കാലത്ത് നിതീഷ് റെഡ്ഡി പറഞ്ഞിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായ എം.എസ്.കെ പ്രസാദ് ആണ് നിതീഷിന്റെ കളി കണ്ട് ആന്ധ്രാപ്രദേശ് ക്രിക്കറ്റ് അസോസിയേഷനു കീഴിലുള്ള അക്കാദമിയിലേക്ക് താരത്തെ കൊണ്ടുവരുന്നത്. 2017-18 വര്‍ഷത്തെ വിജയ് മെര്‍ച്ചന്റ് ട്രോഫി ക്രിക്കറ്റില്‍ 1237 റണ്‍സും 26 വിക്കറ്റുകളുമായി നിതീഷ് അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു. അണ്ടര്‍ 16 വിഭാഗത്തിലെ മികച്ച ക്രിക്കറ്റര്‍ക്കുള്ള ബിസിസിഐയുടെ ജഗ് മോഹന്‍ ഡാല്‍മിയ അവാര്‍ഡ് നിതീഷിനെ തേടിയെത്തി.
ഐപിഎല്ലിലെ പ്രകടനമാണ് നിതീഷിനു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നത്. സണ്‍റൈസേഴ്‌സ് ഹൈദരബാദ് താരമായ നിതീഷ് 2024 സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 303 റണ്‍സും മൂന്ന് വിക്കറ്റും സ്വന്തമാക്കി. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ യാതൊരു ദയയുമില്ലാതെ ആക്രമിച്ചു കളിക്കുന്ന നിതീഷിന്റെ ശൈലി ഇന്ത്യന്‍ സെലക്ടര്‍മാരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. 2023 ല്‍ 20 ലക്ഷം രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് നിതീഷിനെ ലേലത്തില്‍ സ്വന്തമാക്കിയത്.