Rohit sharma, Yaswasi Jaiswal
ടി20 ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യത്തെ ചുറ്റിപറ്റിയുള്ള ആശങ്കകള്‍ ശക്തമാകുന്നു. വിരാട് കോലി, രോഹിത് ശര്‍മ,യശ്വസി ജയ്‌സ്വാള്‍ എന്നിവരെയാണ് നിലവില്‍ ടി20 ലോകകപ്പിലെ ഓപ്പണിംഗ് സ്ഥാനത്തിനായി പരിഗണിക്കുന്നത്. ഇവരില്‍ കോലി ഒഴികെ രണ്ടുപേരും ഐപിഎല്ലില്‍ ദയനീയമായ പ്രകടനങ്ങളാണ് നടത്തുന്നതെന്നതാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്.
2024ലെ ഐപിഎല്ലില്‍ ഓപ്പണിംഗില്‍ മികച്ച പ്രകടങ്ങളാണ് കോലി നടത്തുന്നതെങ്കിലും കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെ പറ്റിയുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. തുടക്കം മുതലെ ആക്രമിക്കുന്നതല്ല കോലിയുടെ കളിരീതിയെന്നും ലോകകപ്പില്‍ പവര്‍പ്ലേ മുതലാക്കാന്‍ സാധിക്കുന്ന താരങ്ങളാകണം ഇന്ത്യയ്ക്കായി ഓപ്പണിംഗ് ചെയ്യേണ്ടെതെന്നുമാണ് ആരാധകര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ രോഹിത് ശര്‍മ- യശ്വസി ജയ്‌സ്വാള്‍ സഖ്യമാകണം ഓപ്പണ്‍ ചെയ്യേണ്ടത്. എന്നാല്‍ ഐപിഎല്ലില്‍ രണ്ടുപേരും മോശം പ്രകടനമാണ് നിലവില്‍ നടത്തുന്നത്.
ഇടം കൈ- വലം കൈ കോമ്പിനേഷന് ഇന്ത്യ പ്രാധാന്യം നല്‍കുകയാണെങ്കില്‍ ജയ്‌സ്വാള്‍ തന്നെയായിരിക്കും രോഹിത്തിനൊപ്പം ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുക. അങ്ങനെയെങ്കില്‍ മൂന്നാമനായി കോലിയും നാലാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവും ബാറ്റ് ചെയ്‌തേക്കും. ഓപ്പണിംഗ് ഓപ്ഷനിലുള്ള 2 താരങ്ങളും മോശം ഫോമിലായത് ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ ബാധിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മ ഐസിസി ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനം ഇത്തവണയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ആരാധകര്‍ക്കുള്ളത്. ആ പ്രതീക്ഷ അസ്ഥാനത്തായാല്‍ ഇത്തവണ ലോകകപ്പ് സ്വന്തമാക്കാന്‍ ഇന്ത്യ ഏറെ വിയര്‍പ്പൊഴുക്കേണ്ടതായി വരും.