ഗെയ്ക്വാദും ജയ്‌സ്വാളും രോഹിത്ത് പോകുന്നതു വരെ കാത്തിരിക്കണം; ഇഷാന്‍ കിഷന്റെ കരിയര്‍ തുലാസില്‍
ട്വന്റി 20 യില്‍ ജയ്‌സ്വാളിനെ തല്‍ക്കാലത്തേക്ക് ഓപ്പണറായി പരിഗണിക്കാനാണ് സെലക്ടര്‍മാരുടെ ആലോചന
ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ ഋതുരാജ് ഗെയ്ക്വാദിനും യഷസ്വി ജയ്‌സ്വാളിനും ഇനിയും കാത്തിരിക്കേണ്ടി വരും. രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ ഓപ്പണറായി തുടരാനാണ് സാധ്യത. രോഹിത്ത് ട്വന്റി 20, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച ശേഷം മാത്രമേ ഗെയ്ക്വാദിനും ജയ്‌സ്വാളിനും ഇന്ത്യന്‍ ടീമില്‍ സ്ഥിരമാകാന്‍ സാധിക്കൂ.
ട്വന്റി 20 യില്‍ ജയ്‌സ്വാളിനെ തല്‍ക്കാലത്തേക്ക് ഓപ്പണറായി പരിഗണിക്കാനാണ് സെലക്ടര്‍മാരുടെ ആലോചന. ശുഭ്മാന്‍ ഗില്ലിനൊപ്പം ജയ്‌സ്വാള്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. രോഹിത്ത് ശര്‍മയ്ക്ക് തല്‍ക്കാലത്തേക്ക് ട്വന്റി 20 യില്‍ ഇനി അവസരമുണ്ടാകില്ല. വിരാട് കോലി, കെ.എല്‍.രാഹുല്‍ എന്നിവരുടെ ട്വന്റി 20 ഭാവിയും അനിശ്ചിതത്വത്തിലാണ്.
ഋതുരാജിനെ വണ്‍ഡൗണ്‍ ആക്കാനും ആലോചനയുണ്ട്. അങ്ങനെ വന്നാല്‍ ഇഷാന്‍ കിഷന്‍ പുറത്തിരിക്കേണ്ടി വരും. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് റിഷഭ് പന്ത് മടങ്ങിയെത്തുന്നതുവരെ മാത്രമേ ഇഷാന്‍ കിഷന് ഇനി അവസരങ്ങള്‍ ലഭിക്കൂ.