Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിരാട് കോലി ടി 20 ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാനുള്ള അഞ്ച് കാരണങ്ങള്‍ ഇതെല്ലാം

വിരാട് കോലി ടി 20 ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാനുള്ള അഞ്ച് കാരണങ്ങള്‍ ഇതെല്ലാം
, വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (07:20 IST)
ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന വിരാട് കോലിയുടെ പ്രഖ്യാപനം ഏറെ ഞെട്ടലോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കേട്ടത്. ട്വന്റി 20 യില്‍ മികച്ച വിജയ മാര്‍ജിന്‍ ഉള്ള നായകന്‍ ആയിട്ടും എന്തുകൊണ്ട് കോലി ഇങ്ങനെയൊരു തീരുമാനമെടുത്തു എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍, നായകസ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനം വളരെ ചിന്തിച്ചും പക്വതയോടെയും രൂപീകരിച്ചതാണ്. അതിനുള്ള കാരണങ്ങള്‍ പരിശോധിക്കാം. 
 
1. ബാറ്റിങ്ങില്‍ നിറംമങ്ങിയത് 
 
കഴിഞ്ഞ രണ്ട് വര്‍ഷമായി വിരാട് കോലിയെന്ന ബാറ്റ്‌സ്മാന്‍ ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്തിട്ടുള്ളത്. റണ്‍ മെഷീന്‍ എന്നും സെഞ്ചുറികളുടെ തോഴന്‍ എന്നും വിളിപ്പേരുള്ള കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ചുറി നേടിയിട്ട് രണ്ട് വര്‍ഷമായി. ടെസ്റ്റിലും ഏകദിനത്തിലും ടി 20 യിലും 50 ന് മുകളില്‍ ആവറേജുള്ള കോലിക്ക് ഈയിടെയായി ബാറ്റിങ്ങില്‍ പിഴയ്ക്കുന്നു. കോലി കഴിഞ്ഞ 12 മാസത്തിനിടെ കളിച്ച പത്ത് മത്സരങ്ങളില്‍ നിന്നായി 30.88 ശരാശരിയില്‍ മാത്രമാണ് റണ്‍സ് നേടിയിരിക്കുന്നത്. കരിയര്‍ ആവറേജ് 51.08 ഉള്ള ഒരു താരമാണ് റണ്‍സ് കണ്ടെത്താന്‍ ഇത്രയും ബുദ്ധിമുട്ടുന്നത് ! നായകന്റെ ചുമതലയാണ് ബാറ്റിങ്ങില്‍ തന്നെ പിന്നോട്ട് വലിക്കുന്നതെന്ന് കോലിക്ക് തന്നെ തോന്നിതുടങ്ങി. നായകനെന്ന നിലയിലുള്ള സമ്മര്‍ദം കുറയ്ച്ചാല്‍ ബാറ്റിങ്ങില്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാമെന്നും അദ്ദേഹം കരുതുന്നു. ടി 20 ലോകകപ്പിന് ശേഷം നായകസ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനത്തിനു പിന്നിലെ പ്രധാന കാരണം ഇതാണ്. 
 
2. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പരിഗണന 
 
കഴിഞ്ഞ രണ്ട് വര്‍ഷത്തെ കോലിയുടെ ബാറ്റിങ് പെര്‍ഫോമന്‍സിനെ കുറിച്ച് നാം ചര്‍ച്ച ചെയ്തു. ഇതില്‍ തന്നെ ടെസ്റ്റ് ക്രിക്കറ്റിലാണ് കോലിയുടെ ഫോംഔട്ട് കൃത്യമായി നിഴലിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പ്രധാന്യം നല്‍കുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് കോലി. പരിമിത ഓവര്‍ ക്രിക്കറ്റിനേക്കാള്‍ കോലി ടെസ്റ്റ് ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു. എന്നാല്‍, ഈയിടെയായി ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന കോലിയെയാണ് കാണുന്നത്. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ കൂടിയാണ് ടി 20 ക്യാപ്റ്റന്‍ സ്ഥാനം കോലി രാജിവച്ചത്. 
 
3. രവി ശാസ്ത്രി ഒഴിയുന്നു 
 
ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് രവി ശാസ്ത്രി ഒഴിയുന്നതും കോലി ടി 20 നായകസ്ഥാനം രാജിവയ്ക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടാം. പുതിയ പരിശീലകന്‍ എത്തുമ്പോള്‍ ഇന്ത്യ പുതിയ നായകന്റെ കീഴില്‍ കൂടുതല്‍ പുതുമയോടെ കളിക്കട്ടെ എന്നാണ് കോലിയുടെ നിലപാട്. 
 
 
4. ധോണിയുടെ വഴിയെ, രോഹിത്തിനായി അവസരം തുറന്നിട്ട് 
 
മുന്‍ നായകന്‍ എം.എസ്.ധോണിയുടെ വഴി തന്നെയാണ് ഇക്കാര്യത്തില്‍ കോലി സ്വീകരിക്കുന്നത്. ടി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം ടീമിനൊപ്പം തുടരാന്‍ കോലി സന്നദ്ധനാണ്. മാത്രമല്ല, പരിമിത ഓവര്‍ ക്രിക്കറ്റിലെ ഉപനായകന്‍ രോഹിത് ശര്‍മയ്ക്ക് നായകനാകാനുള്ള അവസരവും കോലി തുറന്നിടുന്നു. 
 
5. ടി 20 ക്രിക്കറ്റിനോട് വിട പറയാന്‍ ആഗ്രഹിക്കുന്നു 
 
നായകസ്ഥാനത്തു നിന്ന് മാത്രമല്ല ടി 20 ക്രിക്കറ്റില്‍ നിന്നു തന്നെ കോലി വിരമിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ടെസ്റ്റ്, ഏകദിന ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ കോലി ആഗ്രഹിക്കുന്നു. ടി 20 ലോകകപ്പിന് ശേഷം തന്നെ ചിലപ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയും ക്രിക്കറ്റ് പ്രേമികളെ തേടിയെത്തിയേക്കാം. ഈ വര്‍ഷമോ അടുത്ത വര്‍ഷം തുടക്കത്തിലോ ടി 20 ക്രിക്കറ്റില്‍ നിന്ന് കോലി വിരമിക്കാനുള്ള സാധ്യതയും ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ടീം ന്യൂസിലൻഡിലേക്കില്ല, പര്യടനം മാറ്റി: പോരാട്ടം അടുത്ത വർഷം