വനിതകളുടെ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കലാശപോരാട്ടം. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡും സൗത്താഫ്രിക്കയും മൈതാനത്ത് ഇറങ്ങുന്നത്. രാത്രി 7:30 മുതല്‍ ദുബായിലാണ് മത്സരം. ലോകചാമ്പ്യന്മാരായ ഓസീസിനെ സെമിയില്‍ തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍ പ്രവേശനം. അതേസമയം 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയിരിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ നാലുകളികളില്‍ മൂന്നിലും വിജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് ഇരുടീമുകളും സെമിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം സ്വന്തം നാട്ടില്‍ നടന്ന ഫൈനലില്‍ ഓസീസിനോട് നേരിട്ട പരാജത്തിന്റെ നിരാശ മാറ്റാന്‍ സൗത്താഫ്രിക്കയ്ക്ക് മുന്നിലുള്ള സുവര്‍ണാവസരമാണിത്. കരുത്തരായ ഓസീസിനെ സെമിയില്‍ തോല്‍പ്പിച്ചതിനാല്‍ വലിയ ആത്മവിശ്വാസത്തോടെയാകും സൗത്താഫ്രിക്ക ഇറങ്ങുക.
ക്യാപ്റ്റന്‍ ലൗറ വോള്‍ വാര്‍ത്ത്, ടാസ്മിന്‍ ബ്രിറ്റ്‌സ് തുടങ്ങിയ താരങ്ങളാണ് സൗത്താഫ്രിക്കയുടെ കുതിപ്പ്. അതേസമയം സീനിയര്‍ താരങ്ങളായ സോഫി ദിവൈന്‍,സൂസി ബേറ്റ്‌സ് എന്നീ സീനിയര്‍ താരങ്ങളുടെ അനുഭവസമ്പത്ത് പ്രയോജനം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ന്യൂസിലന്‍ഡ്.