Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്കെതിരെ സെമി കളിക്കുക അത്ര എളുപ്പമല്ല ! പാക്കിസ്ഥാന് വന്‍ കടമ്പ

എട്ട് മത്സരങ്ങളില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുള്ള ന്യൂസിലന്‍ഡിന് 0.398 ആണ് നെറ്റ് റണ്‍റേറ്റ്

ഇന്ത്യക്കെതിരെ സെമി കളിക്കുക അത്ര എളുപ്പമല്ല ! പാക്കിസ്ഥാന് വന്‍ കടമ്പ
, വ്യാഴം, 9 നവം‌ബര്‍ 2023 (08:42 IST)
നാലാം സ്ഥാനക്കാരായി സെമി ഫൈനലിലേക്ക് യോഗ്യത നേടാന്‍ മൂന്ന് ടീമുകള്‍ തമ്മിലാണ് ഇപ്പോള്‍ മത്സരം. ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ഇപ്പോള്‍ യഥാക്രമം നാല് മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍. ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ ഏതെങ്കിലും ഒരു ടീമിന് നാലാം സ്ഥാനത്ത് നിലയുറപ്പിക്കാം, സെമിയിലേക്ക് കയറുകയും ചെയ്യാം. ആര് സെമിയില്‍ എത്തിയാലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയെയാണ് സെമി ഫൈനലില്‍ നേരിടേണ്ടി വരിക. 
 
എട്ട് മത്സരങ്ങളില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുള്ള ന്യൂസിലന്‍ഡിന് 0.398 ആണ് നെറ്റ് റണ്‍റേറ്റ്. ഇന്ന് നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ മികച്ച ജയം സ്വന്തമാക്കിയാല്‍ ന്യൂസിലന്‍ഡിന് സുഖമായി സെമിയില്‍ പ്രവേശിക്കാം. അതേസമയം നാല് തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷമാണ് കിവീസ് ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ കളിക്കാന്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും 2025 ലെ ചാംപ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടണമെങ്കില്‍ ശ്രീലങ്കയ്ക്കും ഇന്ന് ജയം അനിവാര്യമാണ്. അതുകൊണ്ട് വാശിയേറിയ പോരാട്ടം തന്നെയായിരിക്കും ലങ്കയും കാഴ്ചവെയ്ക്കുക. 
 
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡ് തോല്‍ക്കുകയാണെങ്കില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനോടും അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയോടും തോല്‍ക്കണം. എങ്കില്‍ മാത്രമേ പിന്നീട് ന്യൂസിലന്‍ഡിന് സെമിയില്‍ പ്രവേശിക്കാന്‍ വഴി തെളിയൂ. 
 
എട്ട് കളികളില്‍ നിന്ന് എട്ട് പോയിന്റുള്ള പാക്കിസ്ഥാനാണ് അഞ്ചാമത്. 0.036 ആണ് ഇവരുടെ നെറ്റ് റണ്‍റേറ്റ്. ശ്രീലങ്ക ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയോ മഴ മൂലം ഈ മത്സരം ഉപേക്ഷിക്കുകയോ ചെയ്താല്‍ പാക്കിസ്ഥാന് കാര്യങ്ങള്‍ എളുപ്പമാകും. അങ്ങനെ വന്നാല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ മാത്രം മതി പാക്കിസ്ഥാന് സെമിയില്‍ എത്താന്‍. അതേസമയം ന്യൂസിലന്‍ഡ് ശ്രീലങ്കയ്‌ക്കെതിരെ ജയിച്ചാല്‍ ഇംഗ്ലണ്ടിനെതിരെ വെറുമൊരു ജയം കൊണ്ടും പാക്കിസ്ഥാന് കാര്യമില്ല. ഉദാഹരണത്തിനു ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്ത് 50 ഓവറില്‍ 300 റണ്‍സെടുക്കുകയും അവസാനം ഒരു റണ്ണിന് മാത്രം ജയിക്കുകയും ചെയ്താല്‍ പോരും പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെ ഏറ്റവും ചുരുങ്ങിയത് 130 റണ്‍സിനെങ്കിലും തോല്‍പ്പിക്കണം. എന്നാല്‍ മാത്രമേ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെ മറികടക്കാന്‍ പാക്കിസ്ഥാന് സാധിക്കൂ. 
 
എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന് നെറ്റ് റണ്‍റേറ്റ് നെഗറ്റീവ് 0.338 ആണ്. ന്യൂസിലന്‍ഡ് ശ്രീലങ്കയോടും പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനോടും തോല്‍ക്കുകയും ശേഷിക്കുന്ന മത്സരത്തില്‍ തങ്ങള്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുകയും ചെയ്യുന്നതാണ് അഫ്ഗാനിസ്ഥാന് സെമിയില്‍ എത്താനുള്ള ഏറ്റവും മികച്ച സാധ്യത.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെമി ഫൈനല്‍ കാണാതെ നെതര്‍ലന്‍ഡും പുറത്ത്; ചാംപ്യന്‍സ് ട്രോഫി സാധ്യതകള്‍ നിലനിര്‍ത്തി ഇംഗ്ലണ്ട്