ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പ്രതിരോധത്തില്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ നേടിയ 217 റണ്‍സ് പിന്തുടരുന്ന കിവീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ശക്തമായ നിലയില്‍. ന്യൂസിലന്‍ഡ് 49 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടിയിട്ടുണ്ട്. നായകന്‍ കെയ്ന്‍ വില്യംസണ്‍ (12 റണ്‍സ്), റോസ് ടെയ്‌ലര്‍ (പൂജ്യം) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ ഡെവോന്‍ കോണ്‍വേ (153 പന്തില്‍ 54 റണ്‍സ്) ടോം ലാതം (104 പന്തില്‍ നിന്ന് 30 റണ്‍സ്) എന്നിവര്‍ ന്യൂസിലന്‍ഡിന് മികച്ച തുടക്കമാണ് നല്‍കിയത്. അര്‍ധ സെഞ്ചുറി നേടിയ കോണ്‍വേയെ ഇഷാന്ത് ശര്‍മയും ടോം ലാതത്തെ അശ്വിനും കൂടാരം കയറ്റി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 217 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ കിവീസ് താരം കെയ്ല്‍ ജാമിസണ്‍ ആണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ മുനയൊടിച്ചത്. വാഗ്നര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ടിം സൗത്തി ഒരു വിക്കറ്റും നേടി. രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരെയാണ് ജാമിസണ്‍ പുറത്താക്കിയത്.
അജിങ്ക്യ രഹാനെ (117 പന്തില്‍ നിന്ന് 49), വിരാട് കോലി (132 പന്തില്‍ നിന്ന് 44), രോഹിത് ശര്‍മ (68 പന്തില്‍ 34) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍.