ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം നമ്പറായാണ് സൂപ്പര്‍ എട്ടിലെത്തിയതെങ്കിലും സൂപ്പര്‍ എട്ടില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി. ഗ്രൂപ്പ് ഘട്ടത്തില്‍ 4 മത്സരങ്ങളിലും വിജയിക്കാനായെങ്കിലും കഴിഞ്ഞ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയടക്കം ആയാസകരമായ വിജയമല്ല ഇന്ത്യ സ്വന്തമാക്കിയത്. ടോപ് ഓര്‍ഡറിലെ അസ്ഥിരതയും സ്പിന്നിനെതിരായ ഇന്ത്യയുടെ ബലഹീനത തുറന്ന് കാട്ടപ്പെട്ടതും ഇന്ത്യയ്ക്ക് തലവേദനയാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ ബാറ്റിംഗില്‍ ഇഷാന്‍ കിഷന്‍ നല്‍കുന്ന മികച്ച തുടക്കങ്ങളാണ് ഇന്ത്യയെ പല മത്സരങ്ങളിലും രക്ഷിക്കുന്നത്. ടോപ് ഓര്‍ഡറില്‍ അഭിഷേക് റണ്‍സൊന്നും കണ്ടെത്തിയിട്ടില്ല എന്നതും തിലക് വര്‍മയുടെ മെല്ലെപ്പോക്കും ഇന്ത്യയെ വലയ്ക്കുന്നുണ്ട്.നാല് കളികളില്‍ നിന്ന് 106 റണ്‍സാണ് തിലക് ആകെ നേടിയിട്ടുള്ളത്.മിഡില്‍ ഓര്‍ഡറില്‍ ശിവം ദുബെയും ഹാര്‍ദ്ദിക് പാണ്ഡ്യയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. എന്നാല്‍ മധ്യ ഓവറുകളില്‍ ഇന്ത്യ സ്പിന്നിനെതിരെ പതറുന്നു എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.
സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, വെസ്റ്റിന്‍ഡീസ് എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കൊപ്പം ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെടുന്ന ടീമാണ്. വമ്പനടിക്കാരും സ്പിന്നര്‍മാരും നിറഞ്ഞ വെസ്റ്റിന്‍ഡീസ് ടീമും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ടൂര്‍ണമെന്റില്‍ യാതൊരു സാധ്യതയും കല്പിക്കാതെ സൂപ്പര്‍ എട്ടില്‍ എത്തിയതാണെങ്കിലും ഒത്തൊരുമയുള്ള സംഘമായി 100 ശതമാനവും ഗ്രൗണ്ടില്‍ നല്‍കിയാണ് സിംബാബ്വെ കളിക്കുന്നത്. സിക്കന്ദര്‍ റാസയടക്കം മികച്ച സ്പിന്‍ നിര സിംബാബ്വെയ്ക്കുണ്ട് എന്നതും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്.