കുല്‍ദീപ് യാദവ് രണ്ടുംകല്‍പ്പിച്ച് പന്തെറിഞ്ഞപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ തകര്‍ന്നടിഞ്ഞു. ഹാട്രിക് വിക്കറ്റുകളുമായി ഓസീസിന്‍റെ നട്ടെല്ലൊടിച്ച് കുല്‍ദീപ് കളിയിലെ താരവുമായി.
ഇന്ത്യന്‍ ബൌളര്‍മാര്‍ പന്തിന്‍റെ കറക്കം കൊണ്ട് വരിഞ്ഞുമുറുക്കിയ മത്സരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം കിട്ടാതെ പിടയുകയായിരുന്നു ഓസീസ് ബാറ്റ്സ്‌മാന്‍മാര്‍. 253 റണ്‍സായിരുന്നു ഓസ്ട്രേലിയയ്ക്ക് മുന്നിലേക്ക് ഇന്ത്യ നീട്ടിവച്ച ലക്‍ഷ്യം. എന്നാല്‍ 202 റണ്‍സിന് ഓസ്ട്രേലിയന്‍ താരങ്ങള്‍ കൂടാരം കയറി.
ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരുടെ പന്തുകള്‍ നേരിടുമ്പോഴും ഓസീസ് ബാറ്റ്സ്മാന്‍മാര്‍ വിറച്ചു. ഭുവനേശ്വറും ചാഹലും രണ്ടുവിക്കറ്റുകള്‍ വീതം വീഴ്ത്തി.
മാത്യു വെയ്ഡ്, ആഷ്ടന്‍ ആഗര്‍, പാറ്റ് കുമ്മിന്‍സ് എന്നിവരായിരുന്നു കുല്‍ദീപിന്‍റെ ഹാട്രിക് ആക്രമണത്തിന് ഇരയായവര്‍. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് വീണ്ടും ഒരു ഹാട്രിക് നേട്ടം ഇന്ത്യയെ അനുഗ്രഹിക്കുന്നത് എന്നതും അഭിമാനകരമായ നേട്ടം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 92 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് കരുത്തിലാണ് 252 റണ്‍സ് കുറിച്ചത്.