ഇന്ത്യ തോറ്റപ്പോൾ ‘പണി കിട്ടിയത്’ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും ബംഗ്ലദേശിനും; സെമി സാധ്യത തുലാസിൽ
തോറ്റെങ്കിലും ഏഴു കളിയിൽനിന്ന് 11 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തു തുടരുന്നു.
ലോകകപ്പിലെ ആവേശകരമായ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് വിജയം. ആതിഥേയര്‍ നിലനില്‍പ്പിനായി ഇറങ്ങിയ പോരാട്ടത്തില്‍ 31 റണ്‍സിന്‍റെ വിജയമാണ് ഓയിന്‍ മോര്‍ഗനും സംഘവും പേരിലെഴുതിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
തോറ്റെങ്കിലും ഏഴു കളിയിൽനിന്ന് 11 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തു തുടരുന്നു. ഈ തോൽവി ഇന്ത്യയുടെ സെമി സാധ്യതകളെ കാര്യമായി ബാധിക്കില്ലെങ്കിലും ഉപഭൂഖണ്ഡത്തിൽനിന്നുള്ള പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ് ടീമുകളുടെ സെമി സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി.
തോറ്റാൽ ഏറെക്കുറെ പുറത്താകുമെന്ന നിലയിൽ ഇന്ത്യയെ നേരിട്ട ഇംഗ്ലണ്ട് ആകട്ടെ, ഈ വിജയത്തോടെ സെമി സാധ്യതകൾ വർധിപ്പിക്കുകയും ചെയ്തു. നിലവിൽ എട്ടു കളിയിൽനിന്ന് 10 പോയിന്റുമായി ഇംഗ്ലണ്ട് പാക്കിസ്ഥാനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറി.
അടുത്ത മൽസരത്തിൽ ന്യൂസീലൻഡിനെയും തോൽപ്പിച്ചാൽ ഇംഗ്ലണ്ടിന് സെമിയിൽ സ്ഥാനം ഉറപ്പിക്കാം. ഇന്ത്യയ്ക്കും ശേഷിക്കുന്ന രണ്ടു മൽസരങ്ങളിൽ ഒന്നു ജയിച്ചാൽ സെമിയിൽ കടക്കാം. ശ്രീലങ്ക, ബംഗ്ലദേശ് ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള കളികൾ.
338 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ അപൂർവമായി മാത്രമാണ് കളത്തിൽ ജയിക്കാനുള്ള ആവേശം കാട്ടിയത്. ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ ‘കാൽസെഞ്ചുറി’ പൂർത്തിയാക്കിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. രോഹിത് 109 പന്തിൽ 102 റൺസെടുത്തു. ഈ ലോകകപ്പിൽ രോഹിത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്. തുടർച്ചയായ അഞ്ചാം അർധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റൻ വിരാട് കോലി 76 പന്തിൽ 66 റൺസെടുത്തു. തുടക്കത്തിൽത്തന്നെ ഓപ്പണർ ലോകേഷ് രാഹുലിനെ നഷ്ടമാക്കിയ ഇന്ത്യയ്ക്കായി രോഹിത് – കോലി സഖ്യം രണ്ടാം വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ട് തീർത്തു. ഈ ലോകകപ്പിൽ ഏതു വിക്കറ്റിലുമായി ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്.
തുടക്കത്തിൽത്തന്നെ ലോകേഷ് രാഹുലിന്റെ (പൂജ്യം) വിക്കറ്റ് നഷ്ടമായശേഷം വിക്കറ്റ് കളയാതെ പിടിച്ചുനിന്നു കളിക്കാനാണ് രണ്ടാം വിക്കറ്റിൽ രോഹിത് ശർമ – വിരാട് കോലി സഖ്യം ശ്രമിച്ചത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്തെങ്കിലും 155 പന്തിലാണ് 138 റൺസ് നേടിയത്. ഇതിനിടെ പന്തും വിജയത്തിലേക്ക് ആവശ്യമായ റണ്‍സും തമ്മിലുള്ള അകലം കൂടിക്കൂടി വന്നു.
ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരെത്തിയതോടെ ഇന്ത്യ കളിയുടെ ഗിയർ മാറ്റുമെന്നു കരുതിയെങ്കിലും വെറുതെയായി. പന്ത് 29 പന്തിൽ നാലു ബൗണ്ടറി സഹിതം 32 റൺസും പാണ്ഡ്യ 33 പന്തിൽ നാലു ബൗണ്ടറി സഹിതം 45 റൺസുമെടുത്തു.
ഹാർദിക് പാണ്ഡ്യ പുറത്തായ ശേഷം ക്രീസിൽ ഒരുമിച്ച മഹേന്ദ്രസിങ് ധോണി – കേദാർ ജാദവ് സഖ്യം തോൽവി ഉറപ്പിച്ച വിധത്തിലാണ് കളിച്ചതു പോലും. അവസാന അഞ്ച് ഓവറിൽ അഞ്ചു വിക്കറ്റ് ബാക്കിനിൽക്കെ ജാദവ്–ധോണി സഖ്യം നേടിയത് 39 റൺസ് മാത്രം. ധോണി 31 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 42 റൺസോടെയും ജാദവ് 13 പന്തിൽ ഒരേയൊരു ബൗണ്ടറി സഹിതം 12 റൺസോടെയും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 55 റൺസ് വഴങ്ങി മൂന്നും ക്രിസ് വോക്സ് 10 ഓവറിൽ 58 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി.