Publish Date: Mon, 08 Jul 2019 (12:43 IST)
Updated Date: Mon, 08 Jul 2019 (12:45 IST)
ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പോകുന്നത് വരെ ഇന്ത്യയുടെ ഹിറ്റ്‌മാൻ രോഹിത് ശർമയിൽ നിന്നും ഇത്തരമൊരു ഇന്നിംഗ്സ് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. മിന്നും ഫോമിലാണ് താരമിപ്പോൾ. അഞ്ച് സെഞ്ചുറികളുമായി ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് ഹിറ്റ്മാൻ.
ഇപ്പോള്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ലോകകപ്പില്‍ കുറിച്ചിട്ട രണ്ട് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതിന്‍റെ തൊട്ടടുത്താണ് രോഹിത്. സച്ചിനെ പിന്നിലാക്കുമോ രോഹിതെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ന്യൂസിലൻഡിനെതിരായ സെമിയില്‍ തന്നെ ഇതുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് സച്ചിന്‍റെ പേരിലാണ്.
2003 ലോകകപ്പില്‍ നേടിയ 673 റണ്‍സ് തകര്‍ക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ഇന്ത്യൻ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് ഈ ലോകകപ്പില്‍ ഇതുവരെ 647 റൺസാണ് കൈവശമുള്ളത്. 27 റണ്‍സ് കൂടി നേടിയാല്‍ സച്ചിനെ മറികടക്കാനാകും. രോഹിതിന്റെ തൊട്ടുപിന്നിലാണ് സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടുന്ന ഓസ്ട്രേലിയയുടെ ഓപ്പണര്‍ ഡേവിഡ് വാര്‍ണർ. വാർണർക്ക് 638 റണ്‍സുണ്ട്. സച്ചിനെ മറികടക്കാൻ 36 റണ്‍സ് കൂടി മതി.
സെഞ്ച്വറി ടീം ആയി മാറിയിരിക്കുകയാണ് ഇന്ത്യ. ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡ് സച്ചിനും രോഹിത്തും പങ്കിടുകയാണിപ്പോള്‍. ആറ് സെഞ്ചുറിയാണ് ഇരുവര്‍ക്കുമുള്ളത്. ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഈ റെക്കോര്‍ഡ് രോഹിത്തിന്‍റെ മാത്രം പേരിലാകും.