Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടീമിന് ഭാരമായി ദിനേശ് കാര്‍ത്തിക്, ജാദവിനെ ഒഴിവാക്കിയതെന്തിന്?

ടീമിന് ഭാരമായി ദിനേശ് കാര്‍ത്തിക്, ജാദവിനെ ഒഴിവാക്കിയതെന്തിന്?
മാഞ്ചസ്റ്റര്‍ , ബുധന്‍, 10 ജൂലൈ 2019 (17:24 IST)
വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുകയും ടീം തകര്‍ച്ചയെ നേരിടുകയും ചെയ്യുന്നത് ക്രിക്കറ്റില്‍ സ്വാഭാവികമാണ്. എന്നാല്‍ ഒരു തകര്‍ച്ച അഭിമുഖീകരിക്കുമ്പോള്‍ പിന്നീടുവരുന്ന ബാറ്റ്‌സ്മാന്‍‌മാര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശേണ്ടതുണ്ട്. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ എല്ലാ ഉത്തരവാദിത്തവും മറന്ന് അലക്‍ഷ്യമായി കളിച്ച് പുറത്തായ ദിനേശ് കാര്‍ത്തിക്കിനെ കൊല്ലാക്കൊല ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.
 
കേദാര്‍ ജാദവിനെ പുറത്താക്കിയാണ് ദിനേശ് കാര്‍ത്തിക്കിന് സെമിഫൈനലില്‍ ഇടം നല്‍കിയതെന്ന് ആലോചിക്കുമ്പോഴാണ് സോഷ്യല്‍ മീഡിയ ആക്‍ടിവിസ്റ്റുകള്‍ക്ക് കലിയടങ്ങാതെ പോകുന്നത്. ടീമിന് ഭാരമായി മാറിയിരിക്കുകയാണ് ദിനേശ് കാര്‍ത്തിക്കെന്നാണ് അവര്‍ പറയുന്നത്.
 
മൂന്ന് വിക്കറ്റുകള്‍ വീണ് ഇന്ത്യ തകര്‍ച്ചയുടെ പടുകുഴിയില്‍ നില്‍ക്കുമ്പോഴാണ് ദിനേശ് കാര്‍ത്തിക് ബാറ്റ് ചെയ്യാനിറങ്ങിയത്. സാധാരണ ഗതിയില്‍ ധോണിയെയാണ് ഇത്തരം ഘട്ടങ്ങളില്‍ ബാറ്റിംഗിന് ഇറക്കാറുള്ളത്. കാര്‍ത്തിക്കിന് കഴിവ് തെളിയിക്കാനുള്ള സുവര്‍ണാവസരം എന്ന നിലയിലാണ് നേരത്തേ ഇറക്കിയത്. ഈ അവസരം മുതലെടുക്കാന്‍ കഴിഞ്ഞില്ല എന്നുമാത്രമല്ല, ആപത്ഘട്ടത്തില്‍ ഇന്ത്യയെ രക്ഷിക്കാനുള്ള ചുമതല നിറവേറ്റുന്നതില്‍ കാര്‍ത്തിക് അമ്പേ പരാജയപ്പെടുകയും ചെയ്തു.
 
25 പന്തുകള്‍ നേരിട്ട കാര്‍ത്തിക് വെറും ആറ്‌ റണ്‍സ് മാത്രമാണെടുത്തത്. ഇത്തരത്തില്‍ ഭയപ്പെട്ട് കളിച്ചത് ന്യൂസിലന്‍ഡ് ബൌളര്‍മാരുടെ ശൌര്യം  കൂട്ടാനേ ഉപകരിച്ചുള്ളൂ. ഒടുവില്‍ മാറ്റ് ഹെന്‍‌ട്രിയുടെ പന്തില്‍ നീഷത്തിന് ക്യാച്ച് നല്‍കി ദിനേശ് കാര്‍ത്തിക് മടങ്ങി.
 
ദിനേശ് കാര്‍ത്തികിനെ എന്തിനാണ് സെമി ഫൈനല്‍ പോലെ നിര്‍ണായകമായ ഒരു മത്സരത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ചോദിക്കുന്നത്. സാഹചര്യമനുസരിച്ച് ബാറ്റ് ചെയ്യാന്‍ അറിയാവുന്ന കേദാര്‍ ജാദവിനെ പോലെ ഒരു ഓള്‍‌റൌണ്ടറെ പുറത്തിരുത്തി നടത്തിയ ഈ നീക്കം ഇന്ത്യയ്ക്ക് ദോഷം മാത്രമാണ് ചെയ്തതെന്നും അവര്‍ ആരോപിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാഞ്ചസ്റ്ററില്‍ കൂട്ടക്കുരുതി, ഇന്ത്യ കളി മറന്നു