വലതുകൈ കൊണ്ട് ഷേക്ക് ഹാന്‍ഡ് നല്‍കാനാകാതെ ധോണി; കളിച്ചത് പരുക്കുമായി ?

വെള്ളി, 12 ജൂലൈ 2019 (13:02 IST)
ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍‌ഡിനോട് തോല്‍‌വി ഏറ്റുവാങ്ങിയെങ്കിലും വാലറ്റത്ത് മഹേന്ദ്ര സിംഗ് ധോണിയും രവീന്ദ്ര ജഡേജയും നടത്തിയ പോരാട്ടവീര്യം കയ്യടി അര്‍ഹിക്കുന്നതാണ്.

92-ന് ആറ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അര്‍ധ സെഞ്ചുറി നേടിയ ജഡേജയും ധോണിയും ചേര്‍ന്നാണ് 221 വരെയെത്തിച്ചത്. ഇന്ത്യ ജയിക്കുമെന്ന് തോന്നിയ നിമിഷത്തിലാണ് 49മത് ഓവറില്‍ റണ്ണൗട്ടിലൂടെ ധോണി പുറത്തായത്. ഇതോടെയാണ് മത്സരം കിവിസിന് അനുകൂലമായത്.

നിര്‍ണയാക പോരാട്ടത്തില്‍ പരുക്ക് അവഗണിച്ചാണ് ധോണി കളിക്കാനിറങ്ങിയത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഗ്രൂപ്പ് മത്സരത്തില്‍ വലതു തളളവിരലിനേറ്റ പരുക്ക് താരത്തെ അലട്ടിയിരുന്നു. ഇത് അവഗണിച്ചാണ് തുടര്‍ മത്സരങ്ങളിലും ധോനി ഗ്രൌണ്ടിലിറങ്ങിയത്.

ന്യൂസിലന്‍ഡിനെതിരായ മത്സര ശേഷം ഇരു ടീമുകളിലെയും താരങ്ങള്‍ പരസ്പരം കൈകൊടുത്ത് പിരിഞ്ഞപ്പോള്‍ ധോണി വലതുകൈ ഒഴിവാക്കി ഇടതു കൈ കൊണ്ടാണ് ഷേക്ക് ഹാന്‍ഡ് നല്‍കിയത്. വലതു തളളവിരലിനേറ്റ പരിക്ക് കാരണമാണ് ധോണി വലതു കൈ ഒഴിവാക്കി ഇടതു കൈ കൊണ്ട് ഷേക്ക് ഹാന്‍ഡ് നല്‍കിയതെന്നാണ് വിവരം.

മാത്രമല്ല റണ്ണൗട്ടായ ലോക്കി ഫെര്‍ഗൂസന്റെ പന്ത് കളിച്ചപ്പോഴും ധോണി കൈക്ക് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ധോണിയുടെ വിരമിക്കല്‍; പ്രതികരണവുമായി ബിസിസിഐ അംഗം - ആഞ്ഞടിച്ച് മുന്‍‌താരങ്ങള്‍