മാഞ്ചസ്‌റ്റര്‍: രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ എത്തിയ ലോകകപ്പ് ആശങ്കകള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇന്ത്യന്‍ ടീം പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്.
കേന്ദ്രസര്‍ക്കാരിന്റെയും ബിസിസിഐയുടെയും ഏത് തീരുമാനവും അംഗീകരിക്കുമെന്നായിരുന്നും ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്‌ത്രിയും വ്യക്തമാക്കിയത്. ഇതിനു പിന്നാലെ പുല്‍വാമയില്‍ ജീവന്‍ നഷ്‌ടമായ ജവാന്മാര്‍ക്കുള്ള ആദരസൂചകമായി ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ഒരു മത്സരത്തില്‍ ഇന്ത്യന്‍ ടീം പട്ടാളത്തൊപ്പി ധരിച്ച് ഇറങ്ങിയിരുന്നു.
ഇന്ത്യന്‍ ടീമിന്റെ ഈ നടപടിക്കെതിരെ പാകിസ്ഥാന്‍ പരാതി നല്‍കിയെങ്കിലും ഐ സി സി തള്ളി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ 'ബലിദാന്‍ ബാഡ്‌ജ്' ആലേഖനം കീപ്പിംഗ് ഗ്ലൗ ഉപയോഗിച്ച മഹേന്ദ്ര സിംഗ് ധോണി പുതിയ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ബി സി സി ഐയും ഐ സി സിയും തമ്മില്‍ വാക് പോര് തുടരുകയാണ്.
ഇന്ത്യന്‍ താരങ്ങളുടെ ഇത്തരം നടപടികള്‍ പാകിസ്ഥാനെ ചൊടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ജൂണ്‍ 16ന് മാഞ്ചസ്‌റ്ററില്‍ നടക്കുന്ന ഇന്ത്യ - പാക് പോരാട്ടത്തില്‍ തിരിച്ചടി നല്‍കാന്‍ പാക് ടീം ആലോചന നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ വ്യത്യസ്തമായ ആഘോഷം സംഘടിപ്പിക്കാന്‍ പാകിസ്ഥാന്‍ ക്യാപ്‌റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് പക് ക്രിക്കറ്റ് ബോര്‍ഡിനോട് അനുമതി തെടിയെന്നാണ് പാക് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാക് വെബ്സൈറ്റായ 'പാക് പാഷ'ന്‍റെ എഡിറ്റര്‍ സാജ് സിദ്ധിഖ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്‌തത്. കൂടുതല്‍ വിവാദങ്ങള്‍ക്കും തിരിച്ചടിക്കും കാരണമാകുമെന്ന നിഗമനത്തില്‍ സര്‍ഫ്രാസിന്‍റെ ആവശ്യം പി സി ബി തള്ളിയതായാണ് വിവരം. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കാനാണ് സര്‍ഫ്രാസിന് പിസിബി നല്‍കിയ നിര്‍ദേശം. ഇതോടെ ഇന്ത്യ - പാക് ക്ലാസിക് പോരാട്ടം ചൂടന്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാകുമെന്ന് വ്യക്തമായി.