തോല്‍‌വിക്ക് കാരണം ധോണിയെ വൈകിയിറക്കിയത് ?; ശാസ്‌ത്രിയും കോഹ്‌ലിയും മുള്‍‌മുനയില്‍ - യോഗം വിളിച്ച് ഇടക്കാല ഭരണ സമിതി!

ശനി, 13 ജൂലൈ 2019 (13:18 IST)
സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ടീം ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായതില്‍ കൂടുതല്‍ അഴിച്ചു പണികളും വിവാദങ്ങളും ഉണ്ടാകുമെന്നുറപ്പ്. ബിസിസിഐയുടെ ഇടക്കാല ഭരണ സമിതി വിഷയത്തില്‍ ഇടപ്പെട്ടു കഴിഞ്ഞു.

ഞെട്ടിപ്പിക്കുന്ന തോല്‍‌വിയുടെ പശ്ചാത്തലത്തില്‍ ടീം നായകന്‍ വിരാട് കോഹ്‌ലി, പരിശീലകൻ രവി ശാസ്‌ത്രി, ചീഫ് സെലക്‌ടർ എം എസ് കെ പ്രസാദ് എന്നിവരെ സുപ്രീം കോടതി നിയമിച്ച ബിസിസിഐ ഇടക്കാല ഭരണ സമിതി അവലോകന യോഗത്തിന് വിളിച്ചു.

ഈ മാസം അവസാനത്തോടെയാകും കൂടിക്കാഴ്‌ച നടക്കുക. ഇടക്കാല ഭരണ സമിതിയുടെ ചെയർമാനായ വിനോദ് റായ്,​ ഡയാന എഡുൽജി,​ ലഫ്. ജനറൽ രവി തോഡ്ഗെ എന്നിവരുൾപ്പെട്ട സമിതിക്ക് മുമ്പില്‍ തോല്‍‌വിയുടെ കാരണങ്ങളും വീഴ്‌ചകളും ശാസ്‌ത്രിക്കും കോഹ്‌ലിക്കും അക്കമിട്ട് നിരത്തേണ്ടി വരും.

സെമി ഫൈനലിൽ നിർണായക സമയത്ത് പരിചയ സമ്പന്നനും ഒറ്റയ്‌ക്ക് കളി നിയന്ത്രിക്കാ‍ന്‍ ശേഷിയുള്ള താരവുമായ എംഎസ് ധോണിക്ക് സ്ഥാനക്കയറ്റം നൽകാതിരുന്ന നടപടിയില്‍ കോഹ്‌ലിയും ശാസ്‌ത്രിയും സമാധാനം പറയേണ്ടി വരും. ഇക്കാര്യത്തില്‍ ഇടക്കാല ഭരണ സമിതി നിലപാട് കടുപ്പിച്ചേക്കും.

രണ്ട് താരങ്ങള്‍ക്ക് പരുക്കേറ്റിട്ടും റിസർവ് പട്ടികയിലുണ്ടായിരുന്ന അമ്പാട്ടി റായുഡുവിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നതില്‍ ചീഫ് സെലക്‌ടറും ഉത്തരം പറയണം. ഈ വിഷയത്തില്‍ നിന്ന് കോഹ്‌ലിക്ക് ശാസ്‌ത്രിക്കും ഒളിച്ചോടാന്‍ കഴിയില്ല. ഇത് കൂടാതെ 2020ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ടീമിനെ ഒരുക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളും നടക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ടീമില്‍ വിഭാഗീയത ?; കോഹ്‌ലിയും രോഹിത്തും രണ്ടു ചേരിയില്‍ - രാഹുലിനെതിരെ ഒരു വിഭാഗം!