Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ധോണിയുടെ ‘ഒറ്റയടി’ മതി ടീം ചാര്‍ജാകും, കോഹ്‌ലി കൂളാകും; പിന്നെ, പന്തും പാണ്ഡ്യയും നോക്കിക്കൊള്ളും!

dhoni
, വെള്ളി, 5 ജൂലൈ 2019 (18:06 IST)
ഇനിയുള്ളത് കുട്ടിക്കളിയല്ല, രണ്ട് ജയങ്ങള്‍ക്കപ്പുറം ലോകകപ്പാണ് കാത്തിരിക്കുന്നത്. അവശേഷിക്കുന്നത് ലോക ക്രിക്കറ്റിലെ ശക്തരായ നാല് ടീമും. ശ്രീലങ്കയ്‌ക്ക് എതിരായ പോരാട്ടത്തെ വിലകുറച്ച് കാണേണ്ടതില്ല. ഈ മത്സരത്തില്‍ മിന്നുന്ന ജയം സ്വന്തമാക്കകയും ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയോട് തോല്‍ക്കുകയും ചെയ്‌താല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമത് എത്തും. അതോടെ സെമിയിലെ എതിരാളി ആരെന്ന് വ്യക്തമാകും.

ഇനിയുള്ള പോരാട്ടം ഇന്ത്യക്ക് കടുകട്ടിയാകുമെന്ന് ഉറപ്പാണ്. നേരിടേണ്ട എതിരാളികള്‍ നിസാരക്കാരല്ല. പഴുതടച്ചുള്ള കളിയാണ് ഇനിയാവശ്യം. ഇവിടെയാണ് വിരാട് കോഹ്‌ലിക്ക് ആശങ്ക. ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഭേദപ്പെട്ട് നില്‍ക്കുകയും ഓപ്പണിംഗ് ജോഡി റണ്‍ കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

ബാറ്റിംഗ് നിരയുടെ നട്ടെല്ലായ മധ്യനിരയിലാണ് ആശങ്കകള്‍. രാഹുല്‍, രോഹിത്, കോഹ്‌ലി ത്രിമൂര്‍ത്തികള്‍ ബാറ്റിംഗില്‍ വിജയം കാണുന്നുണ്ട്. ബംഗ്ലാദേശിനെതിരെ 350 കടക്കേണ്ട സ്‌കോര്‍ 314ല്‍ അവസാനിക്കാന്‍ പലതുണ്ട് കാരണം. 5, 6, 7 ബാറ്റിംഗ് പൊസിഷനില്‍ ഇറങ്ങിയവര്‍ നിരാശപ്പെടുത്തി. ഇവിടെയാണ് ടീം ഇന്ത്യ പരിഹാരം കണ്ടത്തേണ്ടത്.

വീഴ്‌ചകള്‍ പരിഹരിച്ച് ഒന്നാം നമ്പറകാനുള്ള മത്സരമാകണം ലങ്കയ്‌ക്കെതിരായ പോരാട്ടം. പവർ ഹിറ്ററായ ഹാർദിക് പാണ്ഡ്യയെന്ന ഒറ്റയാളുടെ പ്രകടനത്തെ ആശ്രയിച്ചാണ് മധ്യനിരയുടെ നിലനിൽപ്പെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ വരാനിരിക്കെ ഈ പ്രശ്നം ഇന്ത്യ എങ്ങനെ മറികടക്കും എന്നതിനെ ആശ്രയിച്ചിരിക്കും ടീമിന്റെ കിരീട സാധ്യത.

മധ്യനിരയുടെ കാവല്‍ക്കാരനായ ധോണിയില്‍ നിന്ന് വലിയൊരു ഇന്നിംഗ്‌സ് പിറന്നാല്‍ പകുതി പ്രശ്‌നം തീര്‍ന്നു. രണ്ടും കല്‍പ്പിച്ചുള്ള ഫോമില്‍ തുടരുന്ന പന്തിന്റെ ബാറ്റില്‍ നിന്ന് അത്ഭുതങ്ങള്‍ പിറക്കുമെന്ന് ഉറപ്പാണ്. നിലയുറപ്പിച്ച ശേഷം വലിയ ഇന്നിംഗ്‌സ് കെട്ടിപ്പെടുക്കാ‍നാണ് യുവതാരം ശ്രമിക്കേണ്ടത്. അവിടെ പന്ത് വിജയിച്ചാല്‍ മധ്യനിര ശക്തമാകും. ധോണിയിലുള്ള സമ്മര്‍ദ്ദം അകലും. ആശങ്കയില്ലാതെ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ പാണ്ഡ്യയ്‌ക്ക്  കഴിയും.

പന്ത്, ധോണി, പാണ്ഡ്യ സഖ്യം റണ്‍ കണ്ടെത്തിയാല്‍ പിന്നെ എന്തു സംഭവിക്കുമെന്ന് പറയേണ്ടതില്ല. 350 എന്ന സ്‌കോര്‍ കണ്ടെത്താനും എത്തിപ്പിടിക്കാനും ഇന്ത്യക്കാകും. വേണ്ടിവന്നാല്‍ 400ന് അടുത്തുള്ള സഖ്യയും പിറക്കും.  കേദാർ ജാദവിനെ മാറ്റി ദിനേഷ് കാർത്തിക്കിന് അവസരം നൽകിയതോടെ ഫിനിഷിംഗ് ലൈനും ശക്തമായി.

എതിര്‍ പാളയത്തില്‍ നാശം വിതയ്‌ക്കാന്‍ രാഹുല്‍, രോഹിത്, കോഹ്‌ലി ത്രിമൂര്‍ത്തികളേക്കാള്‍ കേമന്മാരാണ് പന്ത്, ധോണി, പാണ്ഡ്യ കൂട്ടുക്കെട്ട്. ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റ് വീശുകയാണ് ഈ മൂവര്‍ സംഘം ചെയ്യേണ്ടത്.  മുന്‍‌നിര അടിത്തറയിടുകയും മധ്യനിരയും വാലറ്റവും കളി ഏറ്റെടുക്കുകയും ചെയ്‌താല്‍ കളി ഇന്ത്യക്ക് അനുകൂലമാകും. സെമിക്ക് മുമ്പ് ഒരു മത്സരം മാത്രം അവശേഷിക്കെ മികവിലേക്ക് ഉയരുകയാണ് കോഹ്‌ലിപ്പട ചെയ്യേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ചോര തുപ്പിയ ധോണി’; താരത്തിന്റെ പരുക്കില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്