Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഴച്ചത് കോഹ്ലിക്കോ? ആ തെറ്റുകൾ ഇനി ആവർത്തിക്കില്ല; ഇംഗ്ലണ്ടിനോട് പൊരുതുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

പിഴച്ചത് കോഹ്ലിക്കോ? ആ തെറ്റുകൾ ഇനി ആവർത്തിക്കില്ല; ഇംഗ്ലണ്ടിനോട് പൊരുതുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
, ചൊവ്വ, 25 ജൂണ്‍ 2019 (11:17 IST)
അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇന്ത്യയെ ചില പാഠങ്ങൾ പഠിപ്പിച്ചിരിക്കുകയാണ്. അമിത ആത്മവിശ്വാസവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് അത്ര വമ്പൻ ടീം അല്ലാഞ്ഞിട്ട് കൂടി ശക്തമായ പ്രതിരോധമാണ് അഫ്ഗാൻ ടീം പടുത്തുയർത്തിയത്. ജയം അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് വ്യക്തമല്ലായിരുന്ന കളിയിൽ അവസാന ഓവറിലാണ് ഇന്ത്യയ്ക്ക് ശ്വാസം വിടാനായത്. 
 
ഇന്ത്യൻ ടീമിന്റെ പൊസിഷനുകളിലാണ് പ്രശ്നം. അഫ്ഗാനെതിരായ മത്സരത്തിൽ അത് തെളിയുകയും ചെയ്തു. ഏതായാലും സെമിക്ക് മുന്നേ ഇക്കാര്യം തെളിഞ്ഞ് കണ്ടതോടെ അത് പരിഹരിക്കാൻ കോഹ്ലിയും കൂട്ടരും മറക്കില്ലെന്നുറപ്പാണ്. 
 
ഇപ്പോഴുള്ള ബാറ്റിംഗ് ലൈനപ്പില്‍ കാര്യമായ മാറ്റം ആവശ്യമാണ്. ഇന്ത്യന്‍ നിരയില്‍ യഥാര്‍ത്ഥ ഫോമിലുള്ളത് രോഹിത് ശര്‍മയും വിരാട് കോലിയുമാണ്. ഇരുവരും ഔട്ട് ആയി കഴിഞ്ഞാൽ പിന്നെ പിടിച്ച് നിൽക്കാൻ ഇന്ത്യൻ ടീമിനു ബുദ്ധിമുട്ടാണ്. പരുക്കേറ്റ് ധവാൻ പുറത്തായതോടെ ധവാന് പകരക്കാരൻ ഉണ്ടെങ്കിലും അത് എത്രത്തോളം ടീമിനെ സഹായിക്കുമെന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്. 
 
ഇന്ത്യന്‍ നിരയില്‍ മാറേണ്ടത് പൊസിഷനുകളാണ്. വിജയ് ശങ്കറിനെ നാലാം നമ്പറില്‍ കളിപ്പിച്ചതാണ് ഇന്ത്യക്ക് ആദ്യം പിഴച്ചത്. നാലാം നമ്പറില്‍ കളിക്കാന്‍ പറ്റിയ താരമല്ല വിജയ്. ഈ നമ്പറിൽ ഇറങ്ങേണ്ടത് ഹര്‍ദിക് പാണ്ഡ്യയാണ്. സ്പിന്നിനെതിരെ ഏറ്റവും നന്നായി കളിക്കുന്ന താരമാണ് പാണ്ഡ്യ. ആദ്യത്തെ കുറച്ച് ബോളുകൾ കിട്ടി തുടങ്ങിയാൽ പിന്നെ വമ്പനടികൾക്ക് സാധ്യതയുള്ള താരമാണ് പാണ്ഡ്യ. ഇക്കാര്യത്തിൽ പിഴച്ചത് കോലിയുടെ ക്യാപ്റ്റന്‍സിയാണോ? 
 
മഹേന്ദ്ര സിംഗ് ധോണിയെ അഞ്ചാം നമ്പറിൽ കളിപ്പിക്കുന്നത് ഇനി ഇന്ത്യൻ ടീമിന് അത്ര സുഖമുള്ള കാര്യമായിരിക്കില്ല. അഫ്ഗാനെതിരായ കളിയിൽ അത് കൂടുതൽ വ്യക്തമായതാണ്. 52 പന്തിൽ വെറും 28 റൺസ് മാത്രമാണ് ധോണിക്ക് ഇന്ത്യയ്ക്കായി നൽകാനായുള്ളു. ധോണി അധികസമയവും തുഴച്ചിലാണ്. പന്തുകൾ ബാറ്റിൽ തട്ടിക്കാൻ അദ്ദേഹം എടുക്കുന്ന ശ്രമങ്ങളും കാണേണ്ടതുണ്ട്. കുറേ പന്തുകള്‍ പാഴാക്കി അവസാനം കൂറ്റനടി നടത്തുന്ന ആളാണ് ധോണി. എന്നാൽ, ഇനി ഈ സ്റ്റൈൽ മുന്നോട്ട് പോകില്ലെന്ന് ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു. പ്രായം അദ്ദേഹത്തിന്റെ ബാറ്റിംഗിനെ മാത്രമല്ല, ഫിനിഷിംഗിനേയും ബാധിക്കുന്നുണ്ട്. ധോണിയെ നാലാം നമ്പറിൽ ഇറക്കിയാൽ സമ്മർദ്ദമില്ലാതെ കൂടുതൽ ഫ്രീയായി കളിക്കാൻ അദ്ദേഹത്തിന് സാധിച്ചേക്കും. 
 
കഴിഞ്ഞ കളിയിൽ കേദാര്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും മധ്യ ഓവറുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ഇവിടെ ജാദവിനെ കൊണ്ട് ബൗള്‍ ചെയ്യിപ്പിക്കാനും കോലി തയ്യാറായിട്ടില്ല. ഇവിടെ ജഡേജയെ കൊണ്ടുവരുന്നതാണ് നല്ലത്. മികച്ച സ്പിന്നര്‍ കൂടിയായ ജഡേജ വേഗം കുറഞ്ഞ പിച്ചുകളില്‍ കുല്‍ദീപിനേക്കാളും അപകടകാരിയാണ്.
 
വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയാണ് ഇനിയുള്ള ഇന്ത്യയുടെ മത്സരങ്ങള്‍. കഴിഞ്ഞ കളിയിൽ 41 പന്തിൽ 29 റൺസെടുത്ത വിജയ് ശങ്കർ അടുത്ത കളിയിൽ ഉണ്ടായേക്കില്ല. പകരം ഋഷഭ് പന്ത് കളിക്കാനാണ് സാധ്യത. 
 
അതേസമയം അർധസെഞ്ച്വറി എടുത്തെങ്കിലും ജാദവ് സ്ഥിരതയില്ലാത്ത താരമായതിനാൽ ജാദവിന് പകരം ദിനേഷ് കാര്‍ത്തിക് കളിച്ചേക്കും. നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലെ മാറ്റങ്ങള്‍ ഇന്ത്യയുടെ മധ്യനിര ശക്തമാക്കും. രോഹിതും കോഹ്ലിയുമാണ് ശക്തരെന്ന് തിരിച്ചറിഞ്ഞ ഇംഗ്ലണ്ട് മത്സരത്തിൽ ഇന്ത്യയുടെ മുന്‍നിരയെ വീഴ്ത്താനുള്ള തന്ത്രങ്ങളാവും പയറ്റുക. ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ ബാറ്റ്സ്മാന്മാർക്ക് സാധിക്കണം. ഇതിനെ പൊളിക്കാൻ പുതിയ തന്ത്രങ്ങളും പൊസിഷനുകളും നല്ലതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആത്മഹത്യയ്ക്കൊരുങ്ങി, കാരണക്കാർ ഇന്ത്യയോ? - പാക് കോച്ചിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകകപ്പ് വേദി