ആദ്യം ദക്ഷിണാഫ്രിക്ക, പിന്നെ ലോകകപ്പിലെ ഫേവറേറ്റുകളിലൊന്നായ ഓസ്‌ട്രേലിയ പിന്നെ ചിരവൈരിയായ പാകിസ്ഥാന്‍. മഴ ഇടയ്‌ക്കിടെ വിരുന്നെത്തുന്ന ഇംഗ്ലീഷ് മണ്ണില്‍ ജയങ്ങളുടെ ഘോഷയാത്ര കളര്‍ഫുള്ളാക്കുകയാണ് ടീം ഇന്ത്യ. ന്യൂസിലന്‍ഡിനെതിരായ മത്സരം മഴ കൊണ്ടു പോയില്ലായിരുന്നുവെങ്കില്‍ പോയിന്റ് പട്ടികയില്‍ കോഹ്‌ലിയും സംഘവും തലയുയര്‍ത്തി നിന്നേനെ.
രോഹിത് ശര്‍മ്മയുടെ ഫോമിനൊപ്പം ഓരോ താരവും മാച്ച് വിന്നറായി അവതരിച്ചതാണ് മിന്നുന്ന മൂന്ന് ജയങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചത്. ഈ ജയങ്ങളില്‍ ആര്‍ക്കാണ് കൂടുതല്‍ പങ്കെന്ന് ചോദിച്ചാല്‍ രോഹിത്തിന്റേത് മുതല്‍ ചാഹലിന്റെയും കുല്‍ദീപിന്റേയും പേരുകള്‍ പറയേണ്ടി വരും. എന്നാല്‍, കോഹ്‌ലിയിലെ നായക കഥാപാത്രത്തിന്റെ തേരോട്ടത്തിന് തുടക്കമാകുകയാണ് ഈ ലോകകപ്പ്‍.
മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന്റെ നിഴലില്‍ നിന്നും മാറി ബുദ്ധിമാനായ ക്യാപ്‌റ്റനായി മാറുകയാണ് കോഹ്‌ലി. ധോണി പകര്‍ന്ന നല്‍കിയ വീര്യവും നയകമികവും വിരാടില്‍ പ്രതിഫലിച്ചു തുടങ്ങി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഫീല്‍ഡ് ഒരുക്കിയും നിര്‍ണായക ബോളിംഗ് മാറ്റങ്ങളും വരുത്തി മത്സരം വരുതിയിലാക്കി.
ചാമ്പ്യന്മാരുടെ പോരാട്ടമെന്നറിയപ്പെട്ട ഓസീസിനെതിരായ മത്സരത്തിലും കോഹ്‌ലി കളം നിറഞ്ഞു. 353 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഫിഞ്ചിനെയും കൂട്ടരെയും 316ല്‍ പിടിച്ചു നിര്‍ത്തി. പിന്നെ, പാകിസ്ഥാനെ നിലം തൊടിയിക്കാതെ ഓടിച്ചു.
ഒന്നാം നമ്പര്‍ ബാറ്റ്‌സ്‌മാനില്‍ നിന്നും അത്രത്തോളം വരുന്ന ക്യാപ്‌റ്റനിലേക്കുള്ള ദൂരം കുറയ്‌ക്കുകയാണ് കോഹ്‌ലി. ഗ്രൌണ്ടിലും പുറത്തും തന്റെ ചൂടന്‍ ശൈലിക്ക് യാതൊരു കുറവും വരുത്തിയിട്ടില്ല. താരങ്ങളുമായി മികച്ച രീതിയില്‍ ആശയവിനമയം നടത്തുന്നു. ബോളറുടെ ഇഷ്‌ടമറിഞ്ഞ് ഫീല്‍ഡ് ഒരുക്കുന്നു. അതിനൊപ്പം സമ്മര്‍ദ്ദങ്ങളെ അവഗണിക്കുകയും ബോളറെ സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്യും. തനി ധോണി സ്‌റ്റൈല്‍ എന്നു പറയാം.
ധോണിയുടെ ഒരു ചെറിയ നോട്ടം പോലും ഉദ്ദേശിക്കുന്നത് എന്തെന്ന് മനസിലാക്കി തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കോഹ്‌ലിക്ക് സാധിക്കുന്നുണ്ട്. ബാറ്റ്‌സ്‌മാന്‍ നിലയുറപ്പിക്കുമ്പോള്‍ നിര്‍ണായക ബോളിംഗ് മാറ്റങ്ങള്‍ വരുത്താനും അത് വിജയിപ്പിക്കാനും വിരാടിനാകുന്നു. ഈ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയുടെ തേരോട്ടത്തിന് കരുത്താവുക വിരാടിലെ ബാറ്റ്‌സ്‌മാന്‍ മാത്രമല്ല, ക്യാപ്‌റ്റനും കൂടിയായിരിക്കുമെന്നതില്‍ സംശയമില്ല.