Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലിക്ക് നോ ടെന്‍‌ഷന്‍, പന്ത് പിന്നാലെയുണ്ടല്ലോ; ‘കിട്ടിയ താരം’ സൂപ്പറെന്ന് യുവരാജും!

Rishabh Pant
, ബുധന്‍, 3 ജൂലൈ 2019 (17:14 IST)
ലഭിക്കുന്ന അവസരങ്ങള്‍ നേട്ടമാക്കി മാറ്റുകയെന്നത് ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. വീണു കിട്ടുന്ന അവസരങ്ങള്‍ നഷ്‌ടപ്പെടുത്തിയാല്‍ ടീമിലുണ്ടാകില്ല. നിലവിലെ ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റുകയെന്നത് ബാലികേറാമലയാണ്. മികച്ച പ്രകടനം മാത്രമാണ് ടീമിലെത്താനുള്ള ഏക പോം‌വഴി.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുമെന്ന് ആരാധകരും മുന്‍‌താരങ്ങളും ഉറപ്പിച്ച ഋഷഭ് പന്ത് 15 അംഗ ടീമിന് പുറത്തായത് വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. ശിഖര്‍ ധവാന് പരുക്കേറ്റതോടെ സ്‌റ്റാന്‍‌ഡ് ബൈ താരമായി യുവതാരം ഇംഗ്ലണ്ടിലെത്തി. ഐപിഎല്ലിലെ പ്രകടനവും, അതിനൊപ്പം ലഭിച്ച അവസരങ്ങളെല്ലാം നേട്ടമാക്കി തീര്‍ത്തതുമാണ് പന്തിന് ഗുണമായത്.

ലോകകപ്പില്‍ വിജയ് ശങ്കറിന് പരുക്കേറ്റതോടെ നിര്‍ണായകമായ നാലാം നമ്പറില്‍ നിയോഗിക്കപ്പെട്ടു. അവിടെയും നേട്ടമുണ്ടാക്കി ഈ  21കാരന്‍. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 29 പന്തിൽ നാലു ബൗണ്ടറി സഹിതം 32 റൺസും ബംഗ്ലദേശിനെതിരെ 41 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 48 റൺസുമാണ് പന്ത് നേടിയത്.

ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ രോഹിത് ശര്‍മ്മയ്‌ക്ക് സ്‌ട്രൈക്ക് കൈമാറുന്നതില്‍ പന്ത് മികച്ചു നിന്നു. ഇംഗ്ലീഷ് ബോളര്‍മാരെ ഭയമില്ലാതെ നേരിട്ടു. ബോളറുടെ പിഴവുകളില്‍ നിന്ന് ബൌണ്ടറികളും കണ്ടെത്തി. താരത്തില്‍ നിന്നും നിര്‍ണായക ഇന്നിംഗ്‌സ് പിറക്കുമെന്ന് തോന്നിപ്പിച്ചപ്പോഴാണ് പുറത്താകല്‍ സംഭവിച്ചത്.

ബംഗ്ലദേശിനെതിരായ മനോഹരമായ ഇന്നിംഗ്‌സ് കെട്ടിപ്പെടുത്തതോടെ നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷന്‍ തന്റേതാക്കി മാറ്റി പന്ത്. വിരാട് കോഹ്‌ലിയുടേത് അടക്കമുള്ള വിക്കറ്റുകള്‍ വീണപ്പോഴാണ് ഋഷഭിന്റെ ബാറ്റില്‍ നിന്നും റണ്‍സൊഴുകിയത്.

ഇതോടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍ റൌണ്ടര്‍മാരിലൊരാളായ യുവരാജ് സിംഗ് ട്വിറ്ററില്‍ ഇങ്ങനെ എഴുതി. “ ഒടുവിൽ ഭാവിയിലേക്കായി നാലാം നമ്പർ സ്ഥാനത്തേക്ക് നമുക്കൊരാളെ കിട്ടിയിരിക്കുന്നു. നമുക്ക് അദ്ദേഹത്തെ നല്ല രീതിയിൽ വളർത്തിയെടുക്കാം“- പന്തിന്റെ മികവിനെ ചൂണ്ടിക്കാട്ടിയുള്ള യുവിയുടെ ഈ വാക്കുകള്‍ നിസാരമല്ല.

ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്റെ യോഗ്യത എന്താണെന്ന് പന്ത് തെളിയിച്ചു കഴിഞ്ഞു. ടീം ആഗ്രഹിക്കുന്നത് നല്‍കാനും സാധിച്ചു. കളിയോടുള്ള സമീപനവും കളിക്കുന്ന ശൈലിയുമാണ് പന്തിനെ ഭാവിയുള്ള താരമാക്കുന്നത്.

കോഹ്‌ലിടക്കമുള്ള വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന ടീമിലെ ഏക പ്രശ്‌നമാണ് നാലാം നമ്പര്‍. ഇവിടെയാണ് പന്തിലൂടെ ഉത്തരമായിരിക്കുന്നത്. ഈ ലോകകപ്പ് ഫൈനലോടെ മഹേന്ദ്ര സിംഗ് ധോണി വിരമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അങ്ങനെ എങ്കില്‍ വിക്കറ്റിന് പിന്നിലും മുന്നിലും ഇനി പന്തുണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞെട്ടലോടെ ഇന്ത്യന്‍ ക്രിക്കറ്റും ആരാധകരും; ലോകകപ്പിനുശേഷം ധോണി വിരമിക്കുമെന്ന് റിപ്പോര്‍ട്ട്