Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയെ 2003 ഫൈനലിൽ തല്ലിയൊതുക്കി, നേരിടേണ്ടി വന്നത് തോൽവി മാത്രമായിരുന്നില്ല, അപമാനവും: പ്രതികാരം ചെയ്യാതെ ആ മുറിവുകൾ ഉണങ്ങില്ല

ഇന്ത്യയെ 2003 ഫൈനലിൽ തല്ലിയൊതുക്കി, നേരിടേണ്ടി വന്നത് തോൽവി മാത്രമായിരുന്നില്ല, അപമാനവും: പ്രതികാരം ചെയ്യാതെ ആ മുറിവുകൾ ഉണങ്ങില്ല
, ഞായര്‍, 19 നവം‌ബര്‍ 2023 (10:52 IST)
ലോകകപ്പ് ക്രിക്കറ്റ് കാലങ്ങളായി പിന്തുടരുന്ന ഏതൊരു ഇന്ത്യന്‍ ആരാധകനും ഒരിക്കലും മറക്കാനിടയില്ലാത്തതാണ് 2003ലെ ലോകകപ്പ് ഫൈനല്‍ മത്സരം. ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ തോല്‍വി വഴങ്ങിയിരുന്നെങ്കിലും പിന്നീടുള്ള ഇന്ത്യന്‍ ടീമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അവിസ്മരണീയമായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന അതികായന്‍ ടീമിന്റെ ഭാരം തന്റെ ചുമലിലേറ്റെടുക്കയും ദ്രാവിഡും ഗാംഗുലിയും പിന്തുണയ്ക്കുന്ന ബാറ്റിംഗ് നിരയ്‌ക്കൊപ്പം സെവാഗ്, യുവരാജ് തുടങ്ങിയ യുവതാരങ്ങളും ഒത്തുചേര്‍ന്നതോടെ ടീം ഫൈനല്‍ മത്സരം വരെ കുതിച്ചു. ഇതിനിടെയില്‍ കളിച്ച ഒരു മത്സരത്തിലും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നില്ല.
webdunia
 
എന്നാല്‍ ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരെഞ്ഞെടുത്തത് മുതല്‍ എല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് ഫൈനലില്‍ കാണാനായത്. മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാരെ വലിയ മത്സരത്തിന്റെ സമ്മര്‍ദ്ദം വിഴുങ്ങിയപ്പോള്‍ സ്‌കൂള്‍ ടീമിനോട് കളിക്കുന്ന ലാഘവത്തോടെയാണ് ഓസീസ് ബാറ്റര്‍മാര്‍ ആടിതിമര്‍ത്തത്. 57 റണ്‍സെടുത്ത ആദം ഗില്‍ക്രിസ്റ്റ്, 37 റണ്‍സെടുത്ത മാത്യു ഹെയ്ഡന്‍ എന്നിവരെ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അന്ന് പുറത്താക്കാനായത്. ഹര്‍ഭജന്‍ സിംഗിനായിരുന്നു ഈ രണ്ട് വിക്കറ്റുകളും. ഡാമിയല്‍ മാര്‍ട്ടിന്‍ 88 റണ്‍സും നായകന്‍ റിക്കി പോണ്ടിംഗ് 140 റണ്‍സുമായി അടിച്ച് തകര്‍ത്തതോടെ ഫൈനല്‍ മത്സരത്തില്‍ 360 റണ്‍സെന്ന വിജയലക്ഷ്യമായിരുന്നു ഓസീസ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്.
webdunia
 
ആ ലോകകപ്പില്‍ സ്വപ്നഫോമില്‍ മുന്നേറിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന കുറിയ മനുഷ്യനില്‍ മാത്രമായിരുന്നു ഫൈനലിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍. മഗ്രാത്തിനെ ബൗണ്ടറി കടത്തികൊണ്ട് സച്ചിന്‍ നയം പ്രഖ്യാപിച്ചെങ്കിലും അടുത്ത പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ കോടികണക്കിന് ആരാധകര്‍ക്കത് നെഞ്ചിനേറ്റ ആഘാതം തന്നെയായി മാറി. ഒരു ഭാഗത്ത് വിരേന്ദര്‍ സെവാഗ് റണ്‍റേറ്റ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 24 റണ്‍സെടുത്ത നായകന്‍ സൗരവ് ഗാംഗുലിയും 47 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡും മാത്രമാണ് സെവാഗിന് അല്പമെങ്കിലും പിന്തുണ നല്‍കിയത്.

webdunia
ഇതോടെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്‌ട്രേലിയ മത്സരത്തില്‍ പിടിമുറുക്കി. ഡാരിന്‍ ലെയ്മാന്റെ ഒരു ത്രോയില്‍ സെവാഗും പുറത്തായതോടെ ഇന്ത്യയുടെ കിരീടപ്രതീക്ഷകള്‍ക്ക് മുകളില്‍ അവസാന തരി മണ്ണും ഓസീസ് ടീം വിതറി. ഗ്ലെന്‍ മഗ്രാത്ത് മൂന്നും ബ്രെറ്റ് ലീ, ആന്‍ഡ്ര്യൂ സൈമണ്ട്‌സ് എന്നിവര്‍ 2 വിക്കറ്റുകളുമായി തിളങ്ങിയ മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് 39.2 ഓവറില്‍ 234 എന്ന നിലയില്‍ അവസാനിച്ചു. ഫൈനല്‍ മത്സരത്തില്‍ 125 റണ്‍സിന്റെ തോല്‍വി. മുറിവുകള്‍ കാലം ഉണക്കുമെന്നാണ് പഴമൊഴിയെങ്കിലും 20 വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ ആ ഫൈനല്‍ കണ്ട എല്ലാ ഇന്ത്യന്‍ ആരാധകരുടെ ഉള്ളിലും ആ മുറിവ് ഉണങ്ങാതെ ഇരിക്കുന്നുണ്ടെന്നുള്ളതാണ് സത്യം. വീണ്ടുമൊരു ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം എന്ന വിശേഷണവുമായാണ് ഇന്ത്യയുടെ വരവ്. 2003ലെ ആ മുറിവുണക്കാന്‍ ഒരു ജയം മാത്രമല്ല ആധിപത്യത്തോട് കൂടി കങ്കാരുക്കളെ അടിയറവ് പറയിക്കുന്നത് കാണാനാണ് ഓരോ ആരാധകനും കാത്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഹമ്മദ് ഷമിക്ക് ആദരവുമായി യുപി സർക്കാർ, ജന്മഗ്രാമത്തിൽ സ്റ്റേഡിയം വരുന്നു