Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെമിയില്‍ ദക്ഷിണാഫ്രിക്ക, ഫൈനലില്‍ ഏഷ്യന്‍ ടീം: 1999, 2007 ലോകകപ്പുകള്‍ ആവര്‍ത്തിക്കുമോ?

സെമിയില്‍ ദക്ഷിണാഫ്രിക്ക, ഫൈനലില്‍ ഏഷ്യന്‍ ടീം: 1999, 2007 ലോകകപ്പുകള്‍ ആവര്‍ത്തിക്കുമോ?
, ബുധന്‍, 8 നവം‌ബര്‍ 2023 (20:24 IST)
ലോകകപ്പിന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വലിയ തരത്തില്‍ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയ ടീമായിരുന്നു ഓസ്‌ട്രേലിയ. ലോകക്രിക്കറ്റിലെ പ്രതാപകാലം കഴിഞ്ഞ ഓസീസിനെ ഇനി ഭയപ്പെടേണ്ട കാര്യമില്ലെന്ന് എല്ലാവരും തന്നെ വിധിയെഴുതിയ ഇടത്ത് നിന്ന് സെമിഫൈനല്‍ യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി മാറിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ആറാം ലോകകപ്പ് വിജയം സ്വപ്നം കാണുന്ന ഓസീസിന് സെമിയില്‍ ദക്ഷിണാഫ്രിക്കയെയാകും എതിരാളികളായി നേരിടേണ്ടി വരിക.
 
സൗത്താഫ്രിക്കയാകും സെമിയില്‍ ഓസീസിന്റെ എതിരാളികള്‍ എന്നത് ഓസീസിന്റെ കിരീടസാധ്യത ഉയര്‍ത്തുന്ന ഒന്നാണ്. ലോകകപ്പിന്റെ ചരിത്രമാണ് അതിന് കാരണം. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ തന്നെ രണ്ട് തവണയാണ് ഓസീസും ദക്ഷിണാഫ്രിക്കയും സെമിയില്‍ ഏറ്റുമുട്ടിയത്. രണ്ട് തവണയും ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഓസീസ് ഫൈനലിലെത്തി. 2 ഫൈനലുകളിലും ഏഷ്യന്‍ ടീമായിരുന്നു എതിരാളികള്‍. ഇവരെ തോല്‍പ്പിച്ചുകൊണ്ട് ഓസീസ് കപ്പെടുക്കുകയും ചെയ്തു.
 
1999ലെ ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം സമനിലയിലാണ് അവസാനിച്ചത്. എന്നാല്‍ സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനായത് ഓസ്‌ട്രേലിയയ്ക്ക് ഗുണം ചെയ്തു. പാകിസ്ഥാനെ ഫൈനലില്‍ 8 വിക്കറ്റിന് തകര്‍ത്തുകൊണ്ടായിരുന്നു അന്ന് ഓസീസ് കിരീടം സ്വന്തമാക്കിയത്. 2007ലെ ലോകകപ്പ് സെമിയിലായിരുന്നു പിന്നീട് ദക്ഷിണാഫ്രിക്കയും ഓസീസും ഏറ്റുമുട്ടിയത്.അന്ന് ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഫൈനലിലെത്തിയ ഓസീസിന്റെ എതിരാളികള്‍ ശ്രീലങ്കയായിരുന്നു. ലങ്കക്കെതിരെ ഫൈനലില്‍ 53 റണ്‍സിന്റെ വിജയമാണ് ഓസീസ് നേടിയത്.
 
2023ലെ ലോകകപ്പിലും സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് ഓസീസിന്റെ എതിരാളികള്‍. അത്ഭുതങ്ങളൊന്നും നടന്നില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യയെയായിരിക്കും ഫൈനലില്‍ ഓസീസിന് നേരിടേണ്ടി വരിക. കഴിഞ്ഞ രണ്ട് തവണയും ഏഷ്യന്‍ രാജ്യങ്ങളെ തോല്‍പ്പിച്ച് ചാമ്പ്യന്മാരാകാന്‍ സാധിച്ച ഓസീസിന് ഇക്കുറിയും ചരിത്രം ആവര്‍ത്തിക്കാനാകുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഫ്ഗാന് ഇനിയും സെമി സാധ്യതകളുണ്ട്, പക്ഷേ ന്യൂസിലൻഡ്, പാക് ടീമുകളുടെ പ്രകടനം നിർണായകമാകും