ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ തന്നെ ടൈം ഔട്ടിലൂടെ പുറത്താക്കിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസ്. തനിക്കെതിരെ ടൈം ഔട്ടിന് അപ്പീല്‍ ചെയ്യാനുള്ള ഷാക്കിബിന്റെ തീരുമാനം ഞെട്ടിച്ചുവെന്നും 2 മിനിറ്റിനുള്ളില്‍ തയ്യാറായി ക്രീസിലെത്തിയെങ്കിലും ഹെല്‍മറ്റ് തകരാറിലായത് കൊണ്ടാണ് ആദ്യ പന്ത് നേരിടാന്‍ താമസിച്ചതെന്നും മാത്യൂസ് വ്യക്തമാക്കി.
എനിക്കെതിരെ അപ്പീല്‍ ചെയ്യുമ്പോള്‍ ബംഗ്ലാദേശിന്റെ സാമാന്യബുദ്ധി എവിടെ പോയെന്ന് അറിയില്ല. ഇതൊരു നാണം കെട്ട പരിപാടിയായി പോയി. ഈ നിലവാരത്തിലാണ് അവര്‍ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെയാവട്ടെ. മങ്കാദിങ്ങിനെ പറ്റിയോ ഫീല്‍ഡറെ തടസ്സപ്പെടുത്തുന്നതിനെ പറ്റിയോ ഒന്നും ഞാന്‍ പറയുന്നില്ല. ഈ ദിവസം വരെ എനിക്ക് ഷാക്കിബിനോടും ബംഗ്ലാദേശ് ടീമിനോടും അങ്ങേയറ്റം ബഹുമാനമുണ്ടായിരുന്നു. എന്നാല്‍ അത് ഇന്ന് നഷ്ടപ്പെട്ടു.
നിയമപ്രകാരം കളിച്ച് ജയിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഞാന്‍ ഇന്നലെ 2 മിനിറ്റിനകം ക്രീസിലെത്തിയിരുന്നു. ഇതിന് വീഡിയോ തെളിവുകളുണ്ട്. ഞാന്‍ മനപൂര്‍വം സമയം പാഴാക്കുകയായിരുന്നില്ല. ഹെല്‍മെറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതാണ് പ്രശ്‌നമായത്. ഷാക്കിബിന് അപ്പീല്‍ ചെയ്യാതിരിക്കാമായിരുന്നു. എന്നിട്ടും അദ്ദേഹം അത് ചെയ്തു. എന്റെ 15 വര്‍ഷ കരിയറില്‍ ഒരു ടീമും ഇത്രയും തരം താഴുന്നത് കണ്ടിട്ടില്ല. അമ്പയര്‍മാര്‍ക്ക് ടിവി അമ്പയറുമായി ചര്‍ച്ച ചെയ്യാമായിരുന്നു. ഞാനുണ്ടായിരുന്നെങ്കില്‍ കളി ജയിക്കുമായിരുന്നു എന്നൊന്നുമല്ല എന്റെ വാദം. ബംഗ്ലാദേശ് അല്ലാതെ മറ്റേത് ടീമായിരുന്നുവെങ്കിലും ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. ഏയ്ഞ്ചലോ മാത്യൂസ് പറഞ്ഞു.