ലോകകപ്പില്‍ തുടര്‍ച്ചയായി നേരിട്ട തോല്‍വികള്‍ക്ക് പിന്നാലെ പാക് ടീം മുഖ്യ സെലക്ടര്‍ സ്ഥാനം രാജിവെച്ച് ഇന്‍സമാം ഉള്‍ ഹഖ്. ലോകകപ്പില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് മേധാവി സക്ക അഷ്‌റഫിന് ഇന്‍സമാം രാജികത്ത് നല്‍കുകയായിരുന്നു.
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിജയത്തോടെ തുടങ്ങിയ പാകിസ്ഥാന്‍ അവസാനം നടന്ന നാല് മത്സരങ്ങളിലും പരാജയപ്പെട്ടതോടെ വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. ലോകകപ്പിനായുള്ള പാക് ടീം തിരെഞ്ഞെടുപ്പില്‍ സ്ഥാപിത താത്പര്യം ഉണ്ടായിരുന്നു എന്ന ആക്ഷേപത്തില്‍ ഇന്‍സമാം അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഇന്‍സമാം രണ്ടാം തവണയും ചീഫ് സെലക്ടര്‍ സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍ സ്ഥാനം ഏറ്റെടുത്ത് മൂന്ന് മാസം പോലും തികയും മുന്‍പാണ് രാജി.