Publish Date: Fri, 17 Aug 2018 (16:17 IST)
Updated Date: Fri, 17 Aug 2018 (16:18 IST)
രാജാക്കാട്: ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് കോളേജ് വിദ്യാര്‍ഥിയെ സുഹൃത്തുക്കള്‍ കുത്തിക്കൊന്ന് മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ തള്ളി. പെരിയകനാല്‍ എസ്റ്റേറ്റ് സെന്‍ട്രല്‍ ഡിവിഷനില്‍ രാജേന്ദ്രന്റെ മകനും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ബിരുദവിദ്യാര്‍ഥിയുമായ 21കാരൻ ബാലകൃഷ്ണനാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.
സുഹൃത്തുക്കളും അയല്‍വാസികളുമായ അരുണ്‍, മാരീസ് എന്നിവരാണ് പിടിയിലായത്. ഓഗസ്റ്റ് രണ്ടിന് അരുണും മാരീസും ചേര്‍ന്ന് ബാലകൃഷ്ണനെ വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോയിരുന്നു. പിന്നീടു ബാലകൃഷ്ണനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇരുവരെയും വിശദമായി ചോദ്യം ചെയ്തതിൽനിന്നുമാണ് കൊലപാതകം പുറത്തുവന്നത്.
ചിന്നക്കനാല്‍ സിങ്കുകണ്ടം റോഡരികിലെ മാലിന്യക്കൂനയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ബാലകൃഷ്ണനെ കഴിഞ്ഞമാസം അതിര്‍ത്തിയില്‍ കഞ്ചാവുമായി പിടികൂടിയിരുന്നു. കഞ്ചാവുകടത്തുമായി ബന്ധമുണ്ടായിരുന്ന പ്രതികള്‍ ഇക്കാര്യം മറച്ചുവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നീങ്ങുകയായിരുന്നു.