കൊച്ചി: വഴിയരികില്‍ ഉറങ്ങിക്കിടന്ന വയോധികന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി ദാരുണമായി മരിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടുമണിയോടെ വെല്ലിംഗ്ടണ്‍ ഐലന്റിന് സമീപത്തെ കൊങ്കന്‍ ടാങ്കിനും വാക്ക് വേയ്ക്കുമിടയിലാണ് അപകടം ഉണ്ടായത്. അറുപതിനോടടുത്ത് പ്രായമുള്ള അജ്ഞാതനെയാണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അപകടത്തിനിടയാക്കിയ വാഹനത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ഇതേവരെ ലഭിച്ചിട്ടില്ല. സമീപത്തെ ടയറിന്റെ പാടുകളില്‍ നിന്നും വലിയ ലോറിയാകാം അപകടം ഉണ്ടാക്കിയത് എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. വാക്ക് വേയ്ക്ക് സമീപത്തെ സി സി ടി വി കാമറകള്‍ പ്രവർത്തനക്ഷമമല്ലാത്തതിനാൽ പോലീസിന് വാഹനം സമീപത്തെ സി സി ടി വി കാമറകള്‍ പ്രവർത്തനക്ഷമമല്ലാത്തതിനാൽ പോലീസിന് വാഹനം കണ്ടെത്താനായില്ല .
വിശ്രമിക്കുന്നതിനായി ഡ്രൈവർമാർ ലോറികൾ ഇവിടങ്ങളിൽ നിർത്തിയിടുന്ന പതിവുണ്ട്. ഇത്തരത്തിൽ ആരെങ്കിലും റിവേഴ്സ് എടുത്തപ്പോൾ അപകടം ഉണ്ടായതാവാം എന്നാണ് കരുതുന്നത്. പരിസരത്ത് സ്ഥിരമായി ലോറി നിർത്താറുള്ള ഡ്രൈവർമാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം മരിച്ച വയോധികനെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പ്രദേശത്ത് ആക്രി പെറുക്കി നടക്കുന്ന ആളാണെന്ന സംശയമുണ്ടെന്നാണ് ഹാര്‍ബര്‍ പോലീസ് പറയുന്നത്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വയോധികന്റെ തലയിലൂടെ ടയര്‍ കയറിയിറങ്ങിയതിന്റെ പാടുകള്‍ മാത്രമാണുള്ളതെന്നും ശരീരത്തില്‍ മറ്റെവിടെയും പരിക്കുകളോ മുറിവുകളോ ഇല്ലെന്നും പോലീസ് അറിയിച്ചു.