ജാമ്യം ലഭിക്കില്ല, ജയിലില്‍ ഇടി ഉറപ്പ്; ഹരികുമാറിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതിനു പിന്നില്‍ നിരവധി കാര്യങ്ങള്‍
ജാമ്യം ലഭിക്കില്ല, ജയിലില്‍ ഇടി ഉറപ്പ്; ഹരികുമാറിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതിനു പിന്നില്‍ നിരവധി കാര്യങ്ങള്‍
നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസില്‍ പ്രതിയായ ഡിവൈഎസ്‌പി ബി ഹരികുമാര്‍ ജീവനൊടുക്കിയത് രക്ഷയില്ലെന്ന് വ്യക്തമായതോടെ. അന്വേഷണ സംഘം പിടികൂടുമെന്ന് ഉറപ്പായതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് അഭിഭാഷകര്‍ അറിയിക്കുക കൂടി ചെയ്‌തതോടെയാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
കേസ് കോളിളക്കം സൃഷ്‌ടിച്ച സാഹചര്യത്തില്‍ ഹരികുമാര്‍ മാനസികമായി സമ്മര്‍ദത്തിലാകുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ മാത്രം കീഴടങ്ങുകയെന്ന നിലപാടില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചതിനു പിന്നില്‍ പല കാരണങ്ങണ്ടായിരുന്നു.
സനല്‍കുമാറിനെ മനഃപൂര്‍വം കൊന്നതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയാറാക്കിയതും കീഴടങ്ങാന്‍ ബന്ധുക്കള്‍വഴി പൊലീസ് ആവശ്യപ്പെട്ടതും ഹരികുമാറിനെ തളര്‍ത്തി. ഇതോടെയാണ് ഒളിവില്‍ കഴിയേണ്ടതില്ലെന്നും നാട്ടിലേക്ക് മടങ്ങാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
നിരവധി ശത്രുക്കളുള്ളതിനാല്‍ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് കൊണ്ടുപോകരുതെന്ന ആവശ്യവും ഹരികുമാര്‍ മുന്നോട്ടുവച്ചിരുന്നു. പൊലീസ് അസോസിയേഷനോടാണ് ഈ ആവശ്യം ഉന്നയിച്ചിരുന്നത്. താന്‍ പിടികൂടിയവരുടെ ഇടയിലേക്ക് റിമാന്‍ഡ് തടവുകാരനായി എത്തിയാല്‍ മര്‍ദ്ദനം ഉള്‍പ്പെടെയുള്ള പീഡനം ഏല്‍ക്കേണ്ടി വരുമെന്ന് ഹരികുമാറിന് ഉറപ്പുണ്ടായിരുന്നു.
തിങ്കളാഴ്‌ച രാത്രി നാട്ടുകാരുടെ കണ്ണ് വെട്ടിച്ച് കല്ലമ്പലം വെയിലൂരിലെ വീട്ടില്‍ എത്തിയ ഹരികുമാര്‍ വീടിന്റെ ചായ്പില്‍ കഴിഞ്ഞു. ഇക്കാര്യം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു.
കല്ലമ്പലത്ത് എത്തിയ ഹരികുമാര്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നു. രാത്രിയോടെ ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നില്‍ എത്തിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണ സംഘം. എന്നാല്‍ സ്വന്തം വീട്ടിലേക്ക് ഇയാള്‍ പോകുമെന്ന ധാരണ പൊലീസിനുണ്ടായിരുന്നില്ല.
രാവിലെ ഒമ്പതുമണിയോടെ ഭാര്യയുടെ അമ്മ ഭക്ഷണവുമായി എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ തന്നെയാണ് മരണവിവരം പൊലീസിനെ അറിയിച്ചതും.