തിരുവനന്തപുരം നഗരത്തിൽ നിന്ന് തട്ടികൊണ്ടു പോയ അനന്തുവെന്ന 21 വയസുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെയാണ് ഇന്നലെ കരമനയിലെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവാവിനെ റോഡിലിട്ട് മർദിച്ചാണ് കൊണ്ടുപോയതെന്നും തമ്പാനൂർ ഭാഗത്തു വെച്ചാണ് സംഘത്തെ അവസാനമായി കണ്ടതെന്നും ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകി. വിഷ്ണു, അഭിലാഷ്, റോഷൻ, ബാലു, ഹരി, അരുൺ ബാബു, റാം കാർത്തിക്, കിരൺ കൃഷ്ണൻ എന്നിവരാണ് ഒത്തുകൂടിയത്. ഇതിലൊരാളുടെ പിറന്നാൾ ഇവിടെ വെച്ച് ആഘോഷിച്ചശേഷമായിരുന്നു ഇവർ അനന്തുവിനെ കൊലപ്പെടുത്തിയത്.
വീര്യം കൂടിയ കഞ്ചാവിന്റെ ലഹരിയിൽ ചോര കണ്ട് അറപ്പ് തീരാതെയുള്ള രീതിയിലാണ് പ്രതികൾ അനന്തുവിനെ കൊലപ്പെടുത്തിയത്. കൈനത്തിന് സമീപം ഒരു ബേക്കറിയിലേക്ക് പോയ അനന്തവിനെ സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടുവരികയും ശേഷം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോവുകയുമായിരുന്നു. നാട്ടുകാരിൽ ചിലർ എതിർത്തെങ്കിലും ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്നതിൽ അക്രമികൾ വിജയിച്ചു.
അനന്തുവിന്റെ കൈകാലുകളിലെ ഞരമ്പു സഹിതം മാംസം മൃഗീയമായി അറുത്തെടുത്തു. അനന്തു രക്തം വാർന്നു പിടയുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ‌്തു. കൈത്തണ്ടയിലേയും കഴുത്തിലേയും ഞരമ്പുകൾ മുറിച്ച് ചോര ചീറ്റിച്ച് പ്രതികൾ അർമാദിച്ചു. തലയോട്ടി കല്ലുകൾ കൊണ്ട് ഇടിച്ച് തകർക്കുകയായിരുന്നുവെന്ന് പിടിയിലായവർ മൊഴി നൽകി.
ഒരു കൂസലുമില്ലാതെയാണ് പ്രതികൾ പൊലീസിനോട് കൊലപാതകം എങ്ങനെ നടത്തിയതെന്ന് വിവരിച്ചത്. എട്ട് പേരെയാണ് ഇനി പിടികൂടാനുള്ളത്. തട്ടിക്കൊണ്ട് പോയി കുറ്റിക്കാട്ടിൽ വെച്ചായിരുന്നു അനന്തുവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. അനന്തുവിന്റെ ശരീരത്തിൽ ഒരു സ്ഥലത്ത് പോലും മുറിവേൽക്കാത്ത ഇടമുണ്ടായിരുന്നില്ല. ക്രൂരമായി മർദ്ദിക്കുമ്പോൾ ശബ്ദം പുറത്തുവരാതിരിക്കാൻ കൊലയാളികൾ വായിൽ കല്ലും മണ്ണും വാരി നിറച്ചു.
കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്തുവും മറ്റൊരു സംഘവുമായി തർക്കമുണ്ടായിരുന്നു. അതിന്റെ പകപോക്കലായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.