സഞ്ചാരികള്‍ക്കും യാത്രയെ ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും സ്വപ്നതുല്യമായ യാത്രയായിരുന്നു റെക്കോര്‍ഡ് ഡ്രൈവ് എന്ന ലോകയാത്ര. സംവിധായകന്‍ ലാല്‍ ജോസ്, മാധ്യമപ്രവര്‍ത്തകന്‍ ബൈജു എന്‍ നായര്‍, മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ സുരേഷ് ജോസഫ് എന്നിവരായിരുന്നു സംഘാംഗങ്ങള്‍. 75 ദിവസം കൊണ്ട് 27 രാജ്യങ്ങളായിരുന്നു യാത്രയുടെ ലക്‍ഷ്യം. കാറില്‍ 24,000 കിലോമീറ്റര്‍ പിന്നിടാനായിരുന്നു പദ്ധതി.
നേപ്പാള്‍, ചൈന, കസാഖിസ്ഥാന്‍, റഷ്യ, ഫിന്‍ലാന്‍ഡ്, പോളണ്ട്, ഓസ്ട്രിയ, ഹംഗറി, ഇറ്റലി, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ബല്‍ജിയം, ഫ്രാന്‍സ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ കടന്ന് ലണ്ടനിലെത്തുക എന്ന സ്വപ്നസമാനമായ യാത്ര. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം, കേരളാ ടൂറിസം എന്നീ സന്ദേശങ്ങളുമായാണ് ഇവര്‍ യാത്ര പുറപ്പെട്ടത്.
എന്നാല്‍ കഴിഞ്ഞ 27-ന് ആ യാത്രക്കിടെ വിള്ളല്‍ വീണു. യാത്രയില്‍ നിന്ന് പിന്മാറുകയാണെന്നും ആത്മാഭിമാനം കളഞ്ഞൊരു യാത്രയും വേണ്ടെന്നും സംഘാഗം ബൈജു എന്‍ നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചാവിഷയമായി. 93.5 റെഡ് എഫ് എം റേഡിയോ ജോക്കി ലാവണ്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബൈജു മനസ് തുറന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ലാല്‍ ജോസ്, ബൈജു എന്‍ നായര്‍ (ഫേസ്ബുക്ക് പ്രൊഫൈല്‍)
അടുത്ത പേജില്‍: യാത്ര നിര്‍ത്തിയത് ലാല്‍ ജോസിനെ അപമാനിച്ചത് സഹിക്കാനാവാതെ
“പ്രശ്‌നഭരിതമായ ദിനങ്ങളിലൂടെയായിരുന്നു ആറേഴു രാജ്യങ്ങള്‍ പിന്നിട്ടത്. ഒടുവില്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ ഞങ്ങളെത്തി. അവിടെ നിന്നും എസ്റ്റോണിയയിലേക്ക് കടക്കുമ്പോള്‍ യൂറോപ്പിലെത്തുകയാണ്. പിന്നെ ചെറിയ ചെറിയ രാജ്യങ്ങളില്‍ കൂടിയാണ് കടന്നു പോകുന്നത്.
സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ വെച്ച് ലാലുവിനെ(ലാല്‍ ജോസ്) കാണാന്‍ വന്ന ആരാധകരോട് സുരേഷ് സാര്‍ മോശമായി പെരുമാറി. ലാലുവിനെ അറിയാവുന്നവര്‍ക്ക് അറിയാം. വളരെയധികം ക്ഷമിക്കുന്ന വ്യക്തിയാണ്. സുരേഷ് സാറിന്റെ സംസാരം കേട്ട് അവരുടെ മുഖം വല്ലാതായി. ലാലുവിന്റെ മുഖവും വല്ലാതായി.
ആ നിമിഷം എനിക്ക് പ്രതികരിക്കാതിരിക്കാന്‍ പറ്റിയില്ല. ഏതായാലും ഞാന്‍ ശക്തമായി പ്രതികരിച്ചു. അതോടെ യാത്രയില്‍ നിന്ന് വിട്ട് പോരേണ്ടതായ പ്രശ്നമായി മാറി”- ബൈജു എന്‍ നായര്‍ വിശദീകരിക്കുന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ലാല്‍ ജോസ്, ബൈജു എന്‍ നായര്‍ (ഫേസ്ബുക്ക് പ്രൊഫൈല്‍)
അടുത്ത പേജില്‍: യാത്ര തുടരാന്‍ ലാലു നിര്‍ബന്ധിച്ചു, സുരേഷ് വഴിയില്‍ ഇറക്കി വിട്ടു
ലാലു എന്റെയടുത്ത് നീ പോകരുത്, എങ്ങനെയെങ്കിലും ഈ യാത്ര തുടരണം എന്നൊക്കെ പറഞ്ഞ് ബ്രെയിന്‍ വാഷ് ചെയ്തു. തുടര്‍ന്ന് യാത്ര തുടരാന്‍ ഞാന്‍ തീരുമാനിച്ചെങ്കിലും സുരേഷ് സാര്‍ പറ്റില്ലെന്ന സ്റ്റാന്‍ഡ് എടുത്തു. ലാലുവിനും ഇറങ്ങാം സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍. ഞാന്‍ തനിയെ യാത്ര ചെയ്യുമെന്ന് സ്റ്റാന്‍ഡാണ് എടുത്തത്. സ്പോണ്‍സര്‍ഷിപ്പ് പൂര്‍ണമായും കൊണ്ടുവന്ന ആള്‍ ലാല്‍ ജോസാണ്. അങ്ങനെയുള്ള ലാല്‍ ജോസിനോട് പോലും നിങ്ങള്‍ തുടരേണ്ട എന്ന വിചിത്രമായ സ്റ്റാന്‍ഡാണ് എടുത്തത്.
എന്റെ ഒരു സ്വഭാവം ഏതൊരു സാധാരണ മനുഷ്യനെപ്പോലെ സെല്‍ഫ് റെസ്പെക്ടും സെല്‍ഫ് എസ്റ്റീമും ഉള്ള മനുഷ്യനായതുകൊണ്ട്, തന്നെയുമല്ല യാത്ര ചെയ്ത് പരിചയമുള്ളത് കൊണ്ടും ലോകത്തിന്റെ ഏത്യ് ഭാഗത്തും യാത്ര ചെയ്യാന്‍ പേടിയില്ലാത്തത് കൊണ്ടും ഞാന്‍ പറഞ്ഞു, ലാലു യാത്ര തുടരൂ. ലാലുവിന്റെ ഒരു സ്വപ്നമായിരുന്നു റെക്കോര്‍ഡ് ഡ്രൈവ്. എന്റെ സ്വപ്നം, അതവിടെ നില്‍ക്കട്ടെ. ഒന്നുകില്‍ ഞാന്‍ വീട്ടിലേക്ക് മടങ്ങും. അല്ലെങ്കില്‍ ചില രാജ്യങ്ങളൊക്കെ കണ്ടിട്ട് ഞാന്‍ പൊയ്ക്കൊള്ളാം എന്നു പറഞ്ഞു തീരുംമുമ്പ് എന്റെ പെട്ടിയൊക്കെ എടുത്ത് കാറില്‍നിന്നും ഇറക്കി കഴിഞ്ഞു. സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ ഏതോ ഒരു കോണില്‍ എന്നെ ഇറക്കിവിട്ടിട്ട് 48 ദിവസം കൂടെയുണ്ടായിരുന്ന ടീംലീഡര്‍ ആ വാഹനം ഓടിച്ചു പോയി.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ലാല്‍ ജോസ്, ബൈജു എന്‍ നായര്‍ (ഫേസ്ബുക്ക് പ്രൊഫൈല്‍)
അടുത്ത പേജില്‍: യാത്ര പോകുമ്പോള്‍ ആത്മസുഹൃത്തുക്കളുടെ കൂടെ മാത്രം
പണവും സമയവും നല്ലയൊരു ട്രാവല്‍ ഏജന്റുമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും ചെയ്യാവുന്നതേയുള്ളൂ ഈ യാത്ര. പിന്നെ യാത്രക്ക് ഒരുങ്ങുമ്പോള്‍ ആത്മസുഹൃത്തുക്കളെ മാത്രം തെരഞ്ഞെടുക്കുക. ഇല്ലെങ്കില്‍ പാതിവഴിയില്‍ ഇറങ്ങേണ്ടി വരും. മൂന്നു പേര്‍ ഒരുമിച്ച് യാത്ര പോയാല്‍ ശരിയാവില്ലായെന്നൊരു വിശ്വാസം നമുക്കുണ്ട്. അത് ശരിയാണെന്ന് തോന്നുന്നില്ല.
മൂന്ന് മാസം മുമ്പ് വിയറ്റ്നാമിനു പോയതും ആറുമാസം മുമ്പ് കംബോഡിയയ്ക്ക് പോയതും മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ്. ഇനി ഇതിനുശേഷം എന്റെ സുഹൃത്തുക്കളും കഥാകൃത്തുക്കളുമായ ഉണ്ണി ആര്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ക്ക് ഒപ്പമാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ലാല്‍ ജോസ്, ബൈജു എന്‍ നായര്‍ (ഫേസ്ബുക്ക് പ്രൊഫൈല്‍)
അടുത്ത പേജില്‍: എനിക്കറിയാം മനഃസമാധാനത്തോടെയല്ല ലാലു യാത്ര തുടരുന്നത്
നല്ല ഒരു സുഹൃത്തേ ആയിരുന്നില്ല സുരേഷ് ജോസഫ്. മനഃസമാധാനമാണല്ലോ ഒരു മനുഷ്യന് വലുത്. ഇപ്പോള്‍ കഠിനതടവിന് ശിക്ഷിക്കപ്പെട്ടശേഷം പുറത്തിറങ്ങിയ ഒരാളുടെ സന്തോഷമാണ് എനിക്ക്. ഇഷ്ടമുള്ള സ്ഥലങ്ങള്‍ കാണാം. ബാക്ക് പായ്ക്ക് പുറത്ത് തൂക്കി ബസ് കയറി നടക്കണമെന്ന അസൌകര്യം മാത്രമേയുള്ളൂ.
തീര്‍ച്ചയായും ലാലുവിനെ മിസ് ചെയ്യുന്നുണ്ട്. എനിക്ക് തോന്നുന്നത് വളരെയധികം ക്ഷമയുള്ളയാളാണ് ലാലു. ഈ യാത്ര ഒരു സ്വപ്നമായോ മിഷനായോ എടുത്താവും ലാലു തുടരുന്നത്. ഒരു കാര്യം എനിക്കറിയാം മനഃസമാധാനത്തോടെയല്ല ലാലു ആ കാറിനുള്ളില്‍ യാത്ര തുടരുന്നത്- ബൈജു എന്‍ നായര്‍ പറഞ്ഞു നിര്‍ത്തുന്നു.
(റെഡ് എഫ് എം , ആര്‍ ജെ ലാവണ്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍നിന്ന്)
ചിത്രങ്ങള്‍ക്ക് കടപ്പാട്: ലാല്‍ ജോസ്, ബൈജു എന്‍ നായര്‍ (ഫേസ്ബുക്ക് പ്രൊഫൈല്‍)