ബന്ദ് നടത്തുന്ന കാര്യത്തില്‍ തമിഴ്‌നാടിനെ കണ്ടു പഠിച്ചാലോ; മലയാളിക്ക് അതൊരു വേറിട്ട അനുഭവമായിരിക്കും
ബന്ദിനോട് തണുത്ത പ്രതികരണവുമായി തമിഴ്നാട്
ഹര്‍ത്താല്‍ എന്ന വാക്കിന്റെ ‘ഹ’ കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ മലയാളികള്‍ മറ്റ് ശല്യങ്ങള്‍ ഒന്നുമില്ലാത്ത സുന്ദരമായ ഒരു അവധിദിവസത്തെക്കുറിച്ചാണ് ചിന്തിക്കുക. അതിനുവേണ്ടി, വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോള്‍ തന്നെ ഒരു അവധിദിനം ആഘോഷിക്കാനുള്ള കോപ്പ് കൂട്ടിയാണ് എല്ലാവരും എത്തുക. അതുകൊണ്ടു തന്നെ കേരളത്തില്‍ ഒരു ഹര്‍ത്താലോ പണിമുടക്കോ വിജയിക്കാതിരിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍, കേരളത്തിനു പുറത്ത് ഒരു ബന്ദ് അല്ലെങ്കില്‍ ഹര്‍ത്താല്‍ വിജയിക്കണമെങ്കില്‍ കുറച്ച് കഷ്‌ടം തന്നെയാണ്. കാവേരി വിഷയത്തില്‍ തമിഴ്നാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദിന് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണം അതാണ് വ്യക്തമാക്കുന്നത്. സാധാരണയായി ഒരു ദേശീയബന്ദ് ഒക്കെ പ്രഖ്യാപിച്ചാല്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ അത് അറിയാറ് പോലുമില്ല. കാരണം, അതൊന്നും ശ്രദ്ധിക്കാന്‍ അവര്‍ക്ക് സമയമില്ല എന്നതു തന്നെ. കാവേരി വിഷയത്തിലെ ബന്ദിന്റെ കാര്യം മിക്കവരും അറിഞ്ഞത് തലേദിവസം സാധനം വാങ്ങാന്‍ ചെന്നപ്പോള്‍ കടക്കാരും വൈകുന്നേരം ബസുകാരും ഒക്കെ പറഞ്ഞപ്പോഴാണ്.
എന്നാല്‍, ബന്ദ് ദിവസം രാവിലെ ബസും ട്രയിനും ഓടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ആളുകള്‍ പതിവുപോലെ ജോലിക്ക് പോയി. ഭരണകക്ഷിയായ എ ഡി എം കെ ഒഴികെയുള്ള സകല രാഷ്‌ട്രീയപാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ച ബന്ദ് ആയിരുന്നു ഇത്. അതുകൊണ്ടു തന്നെ, ബന്ദിനെ നേരിടാന്‍ സര്‍ക്കാര്‍ സര്‍വ്വസന്നാഹവും ഒരുക്കിയിരുന്നു. ചെന്നൈയില്‍ മാത്രം സുരക്ഷയ്ക്കായി 20, 000 പൊലീസുകാരെയാണ് നിയോഗിച്ചത്. തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും സ്കൂളുകള്‍ക്കും സംരക്ഷണം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ പൊലീസിനെ വിന്യസിച്ചു. അതുകൊണ്ട്, സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു. ബാങ്കുകളും ഐ ടി കമ്പനികളും പ്രവര്‍ത്തിച്ചു. ബസ് സര്‍വ്വീസ് മുടങ്ങിയില്ല. എന്നാല്‍, പതിവു പോലെയുള്ള തിരക്ക് നിരത്തുകളില്‍ ഉണ്ടായിരുന്നില്ല.
റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കടകളും ഹോട്ടലുകളും തുറന്നില്ല. ബന്ദിന് പിന്തുണ അറിയിച്ച് സിനിമ ചിത്രീകരണം നിര്‍ത്തിവെച്ചു. ഓട്ടോറിക്ഷകളും ടാക്സി സര്‍വ്വീസുകളും ബന്ദിന് പിന്തുണ അറിയിച്ചു. എന്നാല്‍, ഉച്ചയോടെ ഓട്ടോറിക്ഷകള്‍ നിരത്തുകളിലേക്ക് ഇറങ്ങിത്തുടങ്ങി. തിയറ്ററുകള്‍ രാവിലെയും ഉച്ചയ്ക്കുമുള്ള പ്രദര്‍ശനങ്ങള്‍ റദ്ദാക്കി. ചെന്നൈയിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് ആയ രംഗനാഥന്‍ തെരുവ് അടഞ്ഞുകിടന്നു.
ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയും ടാക്സി സര്‍വ്വീസുകള്‍ നിരത്തില്‍ ഇറങ്ങാതിരിക്കുകയും ചെയ്തെങ്കിലും ബന്ദ് ജനജീവിതത്തെ ബാധിച്ചില്ല എന്നു തന്നെ പറയാം. സര്‍ക്കാര്‍ ബസുകളാണ് നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നത് മുഴുവന്‍. അതുകൊണ്ട് ചെന്നൈ നഗരത്തിലെ ഗതാഗതത്തെ ഒരു തരത്തിലും ബന്ദ് ബാധിച്ചില്ല. ഓട്ടോറിക്ഷ അടക്കമുള്ള ടാക്സി സര്‍വ്വീസുകളില്‍ ഒരു വിഭാഗം മാത്രമാണ് ബന്ദിനെ അനുകൂലിച്ചത്. അതുകൊണ്ടു തന്നെ ചെന്നൈ നഗരത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് വണ്ടി തേടി അലയേണ്ടി വന്നില്ല. തമിഴ്നാട് സര്‍ക്കാര്‍ ഒറ്റയ്ക്കു നിന്ന് ഈ ബന്ദിനെ നേരിട്ടത് കേരളവും കണ്ടുപഠിക്കണം, അതിന് ആദ്യം സര്‍ക്കാരിന് പിന്തുണ നല്കേണ്ടത് പൊതുജനങ്ങളാണ്.