ബലാക്കോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം പറഞ്ഞുള്ള വോട്ട് രഷ്ട്രീയത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി ഇപ്പോൾ ശ്രദ്ധ കേന്ദ്രീരിക്കുന്നത്. കേന്ദ്ര സർക്കാരോ സേനയോ കണക്കുകൾ ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുൻപ് തന്നെ ബലാക്കോട്ട് ആക്രമണത്തിൽ 250 ഭീകരർ കൊല്ലപ്പെട്ടു എന്ന് തെരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ പ്രഖ്യാപിച്ചു.
അമിത് ഷായുടെ ഈ പ്രസ്ഥാവന രാജ്യത്ത് വലിയ വിവാദമായി മാറി. കണക്കുകൾഔദ്യോഗികമായി പുറത്തുവിടുന്നതിന് മുൻപ് 250 പേർ കൊല്ലപ്പെട്ടു എന്ന് അമിത് ഷാക്ക് എങ്ങന്നെ പറയാൻ സാധിച്ചു. ഇനി അഥവാ 250 പേരാണ് കൊല്ലപ്പെട്ടത് എങ്കിൽ അത് പുറത്തുവിടേണ്ടത് ബി ജെ പി ദേശീയ അധ്യക്ഷനാണോ ? ദേശ സ്നേഹത്തെയും സൈന്യത്തിനെ നീക്കങ്ങളെയും വോട്ടാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വലിയ പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു.
ബലാക്കോട്ട് ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടു എന്ന കണക്കെടുക്കാനാവില്ല എന്ന് ആക്രമണം നടത്തിയ വ്യോമ സേന വ്യക്തമാക്കിയതാണ്. ആക്രമിച്ച കെട്ടിടങ്ങളിൽ ഉണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടിട്ടുണ്ടാകും എന്നായിരുന്നു വ്യോമ സേന മേധാവിയുടെ പ്രതികരണം. ബലാക്കോട്ട് ആക്രമണത്തെ ബി ജെ പി രാഷ്ട്രീയമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ ആക്രമണത്തിൽ എത്രപേർ കൊല്ലപ്പെട്ടു എന്ന കണക്ക് പുറത്തുവിടണം എന്ന് കോൺഗ്രസ് ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.
എന്നാൽ കോൺഗ്രസിന്റെ ഈ ആവശ്യത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ കരസേനാ മേധാവിയും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമായ വി കെ സിംഗ്. ‘രാവിലെ മൂന്ന് മണിക്ക് അവിടെ നിറയെ കൊതുകുകൾ ഉണ്ടായിരുന്നു ഞാൻ ഹിറ്റ് സ്പ്രേ ഉപയോഗിച്ച് അവരെ കൊന്നു. ഇനി കിടന്നുറങ്ങണമോ അതോ കൊതുകുകളുടെ കണക്കെടുക്കണമോ ?‘ ഇതാായിരുന്നു വി കെ സ്സിംഗിന്റെ പരിഹാസം.
ശരിയാണ് ഉപദ്രവകാരികളായ കൊതുകളെ കൊലപ്പെടുത്തിയിരിക്കുന്നു. ഇനി സ്വസ്ഥമായി ഉറങ്ങുകയും ചെയ്യാം. എന്നാൽ, എടുക്കാത്ത കണക്ക് ആളുകൾക്ക് മുന്നിൽ വെളിപ്പെടുത്തുന്നത് ആരാണ് എന്നത് പ്രധാന ചോദ്യമാണ്. ആക്രമണം നടന്ന ഉടനെ കേട്ട വാർത്ത വലാക്കോട്ടിൽ 300 തീവ്രവാദികൾ കൊല്ലപ്പെട്ടു എന്നാണ് പിന്നീട് അത് 250ആയി മാറി ഇതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് കരുതാം.
എന്നാൽ ബലക്കോട്ടിൽ 250 തീവ്രവാദികളെ കൊന്നു എന്ന് പറഞ്ഞത് ബി ജെ പി ദേശീയ അധ്യക്ഷനാണ്. ഔദ്യോഗിക കണക്കുകൾ പുറത്തുവരുന്നതിന് മുൻപ് ബി ജെ പി രാഷ്ട്രീയമായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ ശരിയായ കണക്ക് വെളിപ്പെടുത്തണം എന്ന് ആവശ്യം ഉയർന്നത്. ‘1947 ശേഷമുള്ള ഏതെങ്കിലും ഒരു സൈനിക നീക്കത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ടോ ? എന്നാണ് വി കെ സിംഗ് അടുത്തതായി ഉന്നയിക്കുന്ന ചോദ്യം.
ശരിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പല തവണ പല ഇടങ്ങളിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. ഇവയുടെ വിശദാംശങ്ങൾ പുറത്തുവിടുന്ന പതിവ് സൈന്യത്തിനില്ല. രാജ്യ സുരക്ഷയെ മാനിച്ച് സൈനിക നീക്കങ്ങളെ രാഷ്ട്രീയ ചർച്ചകളിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി പാകിസ്ഥാനെതിരെയുള്ള ഇന്ത്യൻ സൈനിക നീക്കങ്ങൾ വലിയ രാഷ്ട്രീയമായി മാറുകയാണ്.
പത്താൻകോട്ടെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ഇതിന് ഉദാഹരണമാണ്. അതിന് മുൻപും ഇന്ത്യ അതിർത്തിയിലും അല്ലാതെയും പാകിസ്ഥാൻ ആക്രമണങ്ങൾക്കെതിരെ സൈനിക നീക്കങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ അതെല്ലാം അതീവ രഹസ്യമായിട്ടായിരുന്നു. ആക്രമണത്തിന് ഇന്ത്യ സ്വീകരിച്ച മാർഗങ്ങളും ആയുധങ്ങളും ഉൾപ്പടെ ഇപ്പോൾ രാഷ്ട്രീയമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് ആവശ്യപ്പെടുന്നതിൽ എന്താണ് തെറ്റുള്ളത്.